തിരുവനന്തപുരം: ഭൂമി ഒഴിപ്പിക്കലിനിടെ നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ രാജനെതിരെ ആത്മഹത്യ ചെയ്തതിനും, കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. അഭിഭാഷക കമ്മീഷന്റെ മൊഴിയിലാണു ജോലി തടസപ്പെടുത്തിയതിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടിനും കൂടി ഒറ്റ എഫ്‌ഐആറാണു രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു രാജന്റെയും അമ്പിളിയുടെയും മക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, പരാതി നല്‍കിയ അയല്‍ക്കാരി വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കാന്‍ നീക്കമുണ്ട്. ഇതു സംബന്ധിച്ചു നെയ്യാറ്റിന്‍കര തഹസില്‍ദാരോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടി.
രാജനെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാന്‍ പോലീസ് നടപടികള്‍ സ്വീകരിച്ചത് ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുന്നതിന് തൊട്ടു മുമ്പാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കളക്ടറുടെ നടപടി. ഒന്നര മണിക്കൂറിന്റെ വ്യത്യാസത്തില്‍ ഹൈക്കോടതിയില്‍നിന്നു സ്റ്റേ ഉത്തരവ് എത്തുമ്പോഴേക്കും ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റു രാജനും ഭാര്യയും ആശുപത്രിയിലായിരുന്നു.