KeralaNews

ഈ ഭൂമിയില്‍ തന്നെ വീട് വേണം; സര്‍ക്കാര്‍ വാഗ്ദാനം സ്വീകരിക്കുന്നുവെന്ന് നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍

നെയ്യാറ്റിന്‍കര: വീടും സ്ഥലവും നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം സ്വീകരിക്കുന്നതായി നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍. തങ്ങള്‍ക്ക് തര്‍ക്ക ഭൂമിയില്‍ തന്നെ വീട് വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

രണ്ട് കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. വിഷയം വലിയ വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അടിയന്തരനിര്‍ദേശം നല്‍കുകയായിരുന്നു. കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐയും വീട് വെച്ച് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ പുനരധിവാസത്തിന് ഡിവൈഎഫ്ഐയുമുണ്ടാകുമെന്നും, കുട്ടികളുടെ പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എഎ റഹീം അറിയിച്ചു.

സംഭവത്തില്‍ സാഹചര്യത്തിന് അനുസരിച്ച് പെരുമാറാത്ത പോലീസുദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന ആരോപണത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്. നാലാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

കോടതി ഉത്തരവ് നടപ്പിലാക്കേണ്ടതാണെങ്കിലും ആത്മാഭിമാനത്തിന് പോറലേറ്റ ഒരു സാധാരണ പൗരനെ ആത്മഹത്യയിലേക്ക് തള്ളിവിടാതിരിക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പോലീസുദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയായ അശ്വതി ജ്വാല സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. നിയമപാലകരുടെ മുന്നില്‍ രണ്ട് ജീവനുകള്‍ ഇല്ലാതായ സംഭവം പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴചയാണെന്നും പരാതിയിലുണ്ട്. സാഹചര്യം മനസിലാക്കാതെ പെരുമാറിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button