തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിലെ തര്‍ക്കഭൂമി ലക്ഷം വീട് പദ്ധതിയുടെ ഭാഗമല്ലെന്ന് പരാതിക്കാരി വസന്തയുടെ അഭിഭാഷകന്‍. 1989ല്‍ സുകുമാരന്‍ നായര്‍ എന്ന വ്യക്തിയുടെ പേരിലാണ് ഭൂമിക്ക് പട്ടയം ലഭിച്ചത്. ലക്ഷം വീട് പദ്ധതിയുടെ നിയമങ്ങള്‍ ബാധകമല്ലാത്തതിനാല്‍ കൈമാറ്റം ചെയ്ത വന്ന ഭൂമിയാണ് വസന്ത വാങ്ങിയതെന്നും രേഖകള്‍ പരിശോധിച്ചാല്‍ എല്ലാം വ്യക്തമാകുമെന്നും വസന്തയുടെ അഭിഭാഷകര്‍ ശിവപ്രസാദ് പറഞ്ഞു. വ്യാജ പട്ടയമാണ് വസന്തയുടേതെന്ന് കോടതിയില്‍, രാജന്‍ ഉന്നയിച്ചിട്ടില്ലെന്നും ഭൂമിയില്‍ അതിക്രമിച്ച് കയറിയെന്നതാണ് കോടതിയില്‍ നിലവുള്ള കേസെന്നും അദ്ദേഹം വ്യക്തമാക്കി.
വസന്തയില്‍ നിന്ന് വ്യവസായിയായ ബോബി ചെമ്മണ്ണൂര്‍ സ്ഥലം വാങ്ങി കുട്ടികള്‍ക്ക് നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും അവര്‍ അത് സ്വീകരിച്ചിരുന്നില്ല. നിയമപരമായി വാങ്ങാനോ വില്‍ക്കാനോ കഴിയാത്ത ഭൂമിയാണ് ഇതെന്നും സര്‍ക്കാര്‍ പട്ടയം നല്‍കാമെന്ന് പറഞ്ഞതിനാല്‍ അങ്ങനെയേ ഭൂമി സ്വീകരിക്കൂ എന്നും കുട്ടികള്‍ അറിയിച്ചിരുന്നു. വസന്തയുടെ പക്കല്‍ ഭൂമിയുടെ പട്ടയമില്ലെന്നും അത് തെളിയിക്കുക്ക വിവരാവകാശ രേഖ തങ്ങളോട് ഉണ്ടെന്നും കുട്ടികള്‍ പറഞ്ഞിരുന്നു.
ഈ മാസം 22നാണ് നെയ്യാറ്റിന്‍കരയില്‍ രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തര്‍ക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടര്‍ന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാന്‍ ഉത്തരവായി. ഇതിന് പിന്നാലെ പോലീസ് എത്തിയതോടെ പോലീസിനെ പിന്‍തിരിപ്പിക്കാന്‍ രാജന്‍ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പോലീസ് തട്ടിമാറ്റുന്നതിനിടെ തീ പടര്‍ന്നുപിടിച്ച് ഇരുവരും മരണപ്പെടുകയായിരുന്നു.