നെയ്മറുടെ അമ്മയ്ക്ക് പുതിയ ജീവിത പങ്കാളി,പ്രായം നെയ്മറേക്കാള്‍ ആറുവയസ് കുറവ്

<p>റിയോ ഡി ജനീറോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറിന്റെ മാതാവിന് പുതിയ പങ്കാളി. കംപ്യൂട്ടര്‍ ഗെയിമറും മോഡലുമായ തിയാഗോ റാമോസാണ് നെയ്മറിന്റെ അമ്മയുടെ പുതിയ പങ്കാളി. നെയ്മറിന്റെ മാതാവ് നദീനെ ഗോണ്‍സാല്‍വസ് സാന്തോസ് തന്റെ മകനേക്കാള്‍ ആറു വയസ്സിന് ഇളയ യുവാവുമായി ഡേറ്റിങ്ങിലെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം വ്യക്തമാക്കി ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം സഹിതം പോസ്റ്റുമിട്ടിരുന്നു. നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്‌നര്‍ റിബെയ്‌റോയുമായി 2016 മുതല്‍ പിരിഞ്ഞുതാമസിക്കുന്ന 52കാരിയായ നദീനെ ഗോണ്‍സാല്‍വസ്, 22 വയസ്സ് മാത്രം പ്രായമുള്ള യുവാവുമായാണ് ഡേറ്റിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.</p>

<p>നദീനെ ഗോണ്‍സാല്‍വസുമായി പരിചയത്തിലാകുന്നതിനു മുന്‍പുതന്നെ നെയ്മറിന്റെ കടുത്ത ആരാധകനായിരുന്നു റാമോസെന്ന് വിവിധ ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലിലെ പെര്‍നാംബുകോ സംസ്ഥാനമാണ് തിയാഗോ റാമോസിന്റെ സ്വദേശം. വാഗ്‌നര്‍ റിബെയ്‌റോയുമായി കാല്‍നൂറ്റാണ്ട് പിന്നിട്ട വിവാഹ ബന്ധമാണ് 2016ല്‍ നദീനെ ഗോണ്‍സാല്‍വസ് വേര്‍പ്പെടുത്തിയത്.</p>


<p> ‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നെയ്മറിന്റെ മാതാവ് പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് മുന്‍ ഭര്‍ത്താവ് വാഗ്‌നര്‍ റിബെയ്‌റോയും ഇമോജി പങ്കുവച്ച് ആശംസകളറിയിച്ചിട്ടുണ്ട്. പുതിയ ബന്ധത്തിന്റെ കാര്യം വെളിപ്പെടുത്തി നദീനെ ഗോണ്‍സാല്‍വസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു ചുവട്ടില്‍ കമന്റായി ആശംസകളറിയിച്ചവരില്‍ സാക്ഷാല്‍ നെയ്മര്‍ ജൂനിയറുമുണ്ട്! ‘Be happy mom, love you’ നെയ്മര്‍ എഴുതി.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News