വികാരനിര്‍ഭരമായ നിമിഷങ്ങള്‍! ഞെട്ടിക്കുന്ന തോൽവിക്ക് പിറകെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് നെയ്മർ

ഞെട്ടിക്കുന്ന തോൽവിക്ക് പിറകെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് നെയ്മർ

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിൽ നോർവെയോട് തോറ്റ് ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്തായതിനു പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബ്രസീൽ സൂപ്പർ താരം നെയ്മർ. ബ്രസീലിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരം എന്ന ബഹുമതിയോടെയാണ് അദ്ദേഹം കളം വിടുന്നത്.

ബ്രസീൽ ദേശീയ ടീമിനായി 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളും 59 അസിസ്റ്റുകളും നെയ്മർ സ്വന്തമാക്കിയിട്ടുണ്ട്. 16 വർഷത്തെ കരിയറിനാണ് ഈ 34-കാരൻ അവസാനം കുറിച്ചത്.ബ്രസീലിനൊപ്പം 2013-ൽ ഫിഫ കോൺഫെഡറേഷൻസ് കപ്പും 2016-ൽ ബ്രസീലിൽ വെച്ച് നടന്ന ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡലും നേടിയ താരമാണ് നെയ്മർ. 2012-ലെ ലണ്ടൻ ഒളിമ്പിക്‌സിലെ വെള്ളി മെഡലും നേടി. നാല് ലോകകപ്പുകളിൽ ബ്രസീലിനായി കളിച്ചെങ്കിലും ലോകകിരീടം അദ്ദേഹത്തിന് നേടാനായില്ല.കരിയറിലുടനീളം പരിക്കുകൾ നെയ്മറെ വേട്ടയാടിയിരുന്നു. ഈ ലോകകപ്പിലും പരിക്കോടെ എത്തിയ അദ്ദേഹം, ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ നഷ്ടമായതിന് ശേഷം നോർവെക്കെതിരായ മത്സരത്തിൽ പകരക്കാരനായാണ് കളത്തിലിറങ്ങിയത്.

ഫിഫ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ നോര്‍വേയോട് 2-1 എന്ന സ്‌കോറിന് തോറ്റ് പുറത്തായിരുന്നു ബ്രസീല്‍. ഫുട്‌ബോള്‍ പ്രേമികളെ വേദനയായി മാറി ബ്രസീലിന്റെ തോല്‍വി. മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയതിന് പിന്നാലെ മൈതാനത്ത് കണ്ടത് കണ്ണുകളെ ഈറനണിയിക്കുന്ന കാഴ്ചകളായിരുന്നു. പരാജയത്തിന്റെ ആഘാതം ഉള്‍ക്കൊള്ളാനാവാതെ നെയ്മര്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരുന്ന് വിതുമ്പുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വികാരനിര്‍ഭരമായ നിമിഷങ്ങള്‍

മത്സരം അവസാനിച്ചതോടെ വികാരാധീനനായ നെയ്മര്‍ നിയന്ത്രണം വിട്ട് കരയുന്നത് കാണാമായിരുന്നു. തളര്‍ന്നുപോയ തന്റെ നായകനെ ആശ്വസിപ്പിക്കാന്‍ സഹതാരം റാഫിഞ്ഞ ഓടിയെത്തിയതും, ഇരുവരും തമ്മില്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ ആരാധകരുടെ ഹൃദയം തകര്‍ത്തു. പിന്നാലെ നെയ്മര്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. നാലാം ലോകകപ്പ് കളിക്കുന്ന നെയ്മര്‍ക്ക് ഒരിക്കല്‍ പോലും ടീമിനെ ലോക ചാമ്പ്യന്മാരാക്കാന്‍ കഴിഞ്ഞിരുന്നില്ല.

രോഗമുക്തിക്ക് ശേഷമുള്ള മടക്കം

മെയ് മധ്യത്തില്‍ കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് നെയ്മറിന്റെ ലോകകപ്പ് പങ്കാളിത്തം തന്നെ സംശയത്തിലായിരുന്നു. പാനമയ്ക്കും ഈജിപ്തിനുമെതിരായ സൗഹൃദ മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. എന്നാല്‍ കഠിനമായ ഫിസിയോതെറാപ്പിക്ക് ശേഷം ലോകകപ്പിനായി താരം തിരിച്ചെത്തിയത് ആരാധകരില്‍ വലിയ പ്രതീക്ഷയായിരുന്നു നല്‍കിയത്. ആ പ്രതീക്ഷകളാണ് ഇപ്പോള്‍ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യത്തില്‍ കലാശിച്ചിരിക്കുന്നത്.

2026 ഫിഫ ലോകകപ്പില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ക്ക് ബൂട്ടണിയാന്‍ സാധിച്ചത്. പരിക്കിന്റെയും മറ്റും അലട്ടലുകള്‍ക്കിടയിലും ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ പകരക്കാരനായി കളത്തിലിറങ്ങിയ നെയ്മര്‍, പ്രീക്വാര്‍ട്ടറില്‍ നോര്‍വേയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ കൂടി നേടിയിരുന്നു. ഇതാണ് ബ്രസീലിന് വേണ്ടിയുള്ള താരത്തിന്റെ അവസാന ഗോളായി മാറിയത്.

നോര്‍വേ ക്വാര്‍ട്ടറിലേക്ക്

അതേസമയം, ബ്രസീലിനെ അട്ടിമറിച്ച നോര്‍വേ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ജൂലൈ 11-ന് മയാമി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മെക്‌സിക്കോയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാകും നോര്‍വേ നേരിടുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News