കണ്ണൂര്‍: ബസില്‍ വെച്ച് കണ്ടുള്ള പരിചയം പ്രണയത്തിലേയ്ക്ക് വഴിമാറി, പിന്നീട് വിവാഹത്തിലെത്തിയപ്പോള്‍ അറിഞ്ഞിരുന്നില്ല മരുമകള്‍ ആരാണെന്നും എന്താണെന്നും. തട്ടിപ്പും വെട്ടിപ്പും വീട്ടുകാര്‍ക്കും യുവാവിനും മനസിലായത് വീട്ടിലുള്ള പല വിലപിടിപ്പുമുള്ള സാധനങ്ങള്‍ കാണാതായതോടെയാണ്. ആള്‍മാറാട്ടം നടത്തിയായിരുന്നു ഫോട്ടോഗ്രാഫറായ യുവാവിനെ കബളിപ്പിച്ചത്. സംഭവത്തില്‍ എറണാകുളം അയ്യമ്പിള്ള കുഴിപ്പിള്ളിയിലെ വെന്മലശ്ശേരി സനിത പ്രദീപിനെ (38) പോലീസ് അറസ്റ്റ് ചെയ്തു.
യുവാവിന്റെ അമ്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായതോടെയാണ് സനിതയുടെ തനിനിറം കുടുംബത്തിന് ബോധ്യപ്പെട്ടത്. മേലെചൊവ്വയിലെ എടക്കണമ്പേത്ത് വസന്ത(65) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സനിത അറസ്റ്റിലായത്. വസന്തയുടെ മകനായ വിവേകിനെ ആറുമാസംമുന്‍പ് ബസ് യാത്രയ്ക്കിടെയില്‍ പരിചയപ്പെട്ട സനിത തന്റെ പേര് അലൈഖയെന്നാണെന്നും മാതാപിതാക്കള്‍ മരിച്ചതിനാല്‍ അനാഥയാണെന്നുമാണ് പറഞ്ഞിരുന്നത്.
പരിചയം വളര്‍ന്ന് പ്രണയത്തിലേയ്ക്ക് വീണപ്പോള്‍ ഇരുവരും ക്ഷേത്രത്തില്‍ വെച്ച് മാലയിട്ട് വിവാഹ ജീവിതത്തിലേയ്ക്ക് കടന്നു. എന്നാല്‍ മരുമകള്‍ എത്തിയ ശേഷം വീട്ടില്‍ നിന്നും പണം ഇടയ്ക്കിടെ കാണാതാവുന്നുണ്ടെന്ന് വസന്ത പറഞ്ഞിരുന്നു. അന്നും വസന്തയ്ക്ക് സുനിതയില്‍ സംശയമുണ്ടായിരുന്നു. കഴിഞ്ഞ പത്താം തീയതി തന്റെ മുറിയുടെ അലമാര തുറക്കാന്‍ പറ്റാതായപ്പോള്‍ അലൈഖയോട് വിവരം പറഞ്ഞു.
അല്‍പം എണ്ണയാക്കിയാല്‍ രണ്ടു ദിവസം കഴിഞ്ഞ് തുറക്കാന്‍ കഴിയുമെന്നായിരുന്നു അവര്‍ നല്‍കിയ മറുപടി. ഇതുകേട്ട് അമ്മായിയമ്മ ഒരു നിമിഷം സ്തംഭിച്ചു നിന്നു. സംശയം തോന്നി അടുത്ത വീട്ടിലുള്ളവരുടെ സഹായത്തോടെ അലമാര തുറന്നപ്പോള്‍ അതില്‍ സൂക്ഷിച്ചു വെച്ചിരുന്ന നാലര പവന്റെ മലക്കും മോതിരത്തിനും നിറവ്യത്യാസം തോന്നി. തുടര്‍ന്ന് ആഭരണം നഷ്ടപ്പെട്ട കാര്യത്തില്‍ അലൈഖയെ സംശയമുണ്ടെന്നും കാണിച്ച് വസന്ത പോലീസില്‍ പരാതി നല്‍കുകയിയരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ അലമാരയില്‍ സൂക്ഷിച്ച ആഭരണം യുവതി മുത്തൂറ്റ് ബാങ്കില്‍ പണയം വച്ചതായും എടുത്ത ആഭരണത്തിന് പകരം മുക്കുപണ്ടം അലമാരയില്‍ വച്ചതായും മനസ്സിലായി. ഇതിനു പുറമെ, മാത്രമല്ല വിവേകിനെ വിവാഹം ചെയ്യുന്നതിനു മുന്‍പേ വിവാഹിതയായിരുന്ന യുവതി ഈ ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ഇതോടെ വന്നു കയറിയ മരുമകളുടെ സ്വഭാവത്തില്‍ അമ്പരന്നിരിക്കുകയാണ് കുടുംബം.