നവ വരന്‍ മരിച്ചു; പിന്നാലെ നടത്തിയ പരിശോധനയില്‍ വധു ഉള്‍പ്പെടെ 9 പേര്‍ക്ക് കൊവിഡ്

ഫിറോസാബാദ്: നവ വരന്‍ മരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ വധു ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഉത്തര്‍ പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം ഉണ്ടായത്. പത്ത് ദിവസം മുമ്പായിരുന്നു വിവാഹം കഴിഞ്ഞത്. വിവാഹത്തിന് പിന്നാലെ വരന് അസുഖം പിടിപെട്ടു. ഡിസംബര്‍ നാലിന് മരണം സംഭവിച്ചു. കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നില്ല.

അതേസമയം മരണപ്പെട്ട യുവാവിന്റെ കുടുംബാംഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഭാര്യ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. പരിശോധനയില്‍ നവ വധു, അമ്മായിയമ്മ, സഹോദരന്‍ എന്നിവരുള്‍പ്പെടെ ഒമ്പതുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും ചികില്‍സയിലാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

മറ്റുള്ളവരെ പരിശോധന നടത്താനായി ഗ്രാമത്തില്‍ ഒരു മെഡിക്കല്‍ ക്യാംപ് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ ഫിറോസാബാദ് ജില്ലയില്‍ ഇതുവരെ 3,673 കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 171 എണ്ണം സജീവ കേസുകളും രോഗികള്‍ ചികിത്സയിലുമാണ്. 67 പേര്‍ രോഗം മൂലം മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News