ഭാര്യയോടൊപ്പം കുളിക്കാനിറങ്ങിയ നവവരനെ കാണാതായി

ആറ്റിങ്ങല്‍: അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ ഭാര്യയോടൊത്ത് സന്ദര്‍ശനത്തിന് എത്തിയ നവവരനെ കടലില്‍ കാണാതായി. കുളിക്കുന്നതിനിടെയാണ് ഇയാളെ കാണാതായത്. തിരുവോണദിവസം വൈകിട്ടോടെയായിരുന്നു സംഭവം. നഗരൂര്‍, കൊടുവഴന്നൂര്‍ ഗണപതിയാംകോണത്ത് വിളയില്‍ വീട്ടില്‍ അനുരാജിനെ (25) യാണ് കാണാതായത്.

കോസ്റ്റല്‍ പോലിസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് യുവാവിനായി തിരച്ചില്‍ തുടരുകയാണ്. എട്ടുപേര്‍ ഉള്‍പ്പെടുന്ന സംഘം ഒരുമിച്ചാണ് മുതലപ്പൊഴിയില്‍ സന്ദര്‍ശനത്തിനെത്തിയത്. വൈകീട്ട് ആറ് മണിയോടെ കടലില്‍ കുളിക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ട് നാല് പേര്‍ മുങ്ങിതാഴുകയായിരുന്നു.

കോസ്റ്റല്‍ വാര്‍ഡന്‍മാര്‍ മൂന്നു പേരെ കരയ്‌ക്കെത്തിച്ചെങ്കിലും അനുരാജിനെ കണ്ടെത്താനായില്ല. യുവാക്കള്‍ കുളിക്കാന്‍ ഇറങ്ങുമ്ബോള്‍ തന്നെ അപകട സാധ്യതാ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വാര്‍ഡന്‍മാര്‍ പറഞ്ഞു. രണ്ടുമാസം മുന്‍പാണ് അനുരാജിന്റെ വിവാഹം കഴിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News