അഹമ്മദാബാദ്: ആ വലിയ കടം ന്യൂസീലന്‍ഡ് അങ്ങുവീട്ടി. 2019 ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിയ്ക്ക് കിവീസ് ഇംഗ്ലണ്ടിനോട് പകരംവീട്ടി. 2023 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസീലന്‍ഡ് ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്തുവിട്ടു.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം വെറും 36.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസീലന്‍ഡ് മറികടന്നു. 82 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ന്യൂസീലന്‍ഡ് വിജയം കണ്ടത് എന്നത് അവരുടെ സ്ഫോടനാത്മക ബാറ്റിങ്ങിന്റെ ഉദാഹരണമാണ്. അത്ഭുത പ്രകടനം പുറത്തെടുത്ത ഡെവോണ്‍ കോണ്‍വെയുടെയും യുവതാരം രചിന് രവീന്ദ്രയയുടെയും വെടിക്കെട്ട് സെഞ്ചുറികളാണ് ന്യൂസീലന്‍ഡിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. രചിനും കോണ്‍വെയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 273 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഒരു വിക്കറ്റെടുക്കുകയും സെഞ്ചുറി നേടുകയും ചെയ്ത രചിനാണ് മത്സരത്തിലെ താരം.
283 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ വില്‍ യങ്ങിനെ പുറത്താക്കി സാം കറന് ന്യൂസീലന്‍ഡിനെ വിറപ്പിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ വില്‍ യങ് മടങ്ങി. എന്നാല്‍ അവിടെനിന്നങ്ങോട്ട് ന്യൂസീലന്‍ഡിന്റെ വെടിക്കെട്ട് തുടങ്ങുകയായിരുന്നു. നായകന് കെയ്ന്‍ വില്യംസണിന്റെ അഭാവത്തില്‍ മൂന്നാമനായി സ്ഥാനക്കയറ്റം ലഭിച്ച ഓള്‍റൗണ്ടര്‍ രചിന് രവീന്ദ്രയും അപകടകാരിയായ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് ഇംഗ്ലീഷ് ബൗളര്‍മാരെ കശക്കിയെറിഞ്ഞു.
ഇരുവരും ട്വന്റി 20 ശൈലിയില്‍ ബാറ്റുവീശാന്‍ ആരംഭിച്ചതോടെ ഇംഗ്ലണ്ട് പതറി. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാന്‍ നായകന് ജോസ് ബട്ലര്ക്ക് സാധിച്ചില്ല. ഇടംകൈയ്യന്മാരായ കോണ്‍വെയും രവീന്ദ്രയും ബൗളര്‍മാരെ അടിച്ചൊതുക്കി. ഇരുവരും ഒരുപോലെയാണ് ബാറ്റുവീശിയത്. 13-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഇരുവരും ചേര്‍ന്ന് ടീം സ്കോര്‍ 100 കടത്തി. പിന്നാലെ സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തിയ കോണ്‍വെയും രചിനും അര്‍ധസെഞ്ചുറിയും നേടി.
26-ാം ഓവറിലെ ആദ്യ പന്തില്‍ സിംഗിളെടുത്തുകൊണ്ട് കോണ്‍വെ സെഞ്ചുറി കുറിച്ചു. വെറും 83 പന്തുകളില്‍ നിന്നാണ് താരം മൂന്നക്കം കണ്ടത്. താരത്തിന്റെ 22-ാം ഏകദിന ഇന്നിങ്സ് മാത്രമാണിത്. ഇത്രയും ഇന്നിങ്സുകളില്‍ നിന്ന് ഇതിനോടകം അഞ്ചുസെഞ്ചുറികള്‍ പൂര്‍ത്തിയാക്കാനും കോണ്‍വെയ്ക്ക് സാധിച്ചു. 27 ഓവറില്‍ ടീം സ്കോര്‍ 200 കടന്നു. ഇതോടെ ന്യൂസീലന്‍ഡ് വമ്പന്‍ വിജയത്തിലേക്ക് ഒരുപടി കൂടി അടുത്തു.
കോണ്‍വെയ്ക്ക് പിന്നാലെ രചിനും സെഞ്ചുറി നേടി. വെറും 82 പന്തുകളില്‍ നിന്നാണ് രചിന്റെ സെഞ്ചുറി പിറന്നത്. ഇതോടെ ലോകകപ്പിലെ ഒരു ന്യൂസീലന്‍ഡ് താരത്തിന്റെ അതിവേഗ സെഞ്ചുറി എന്ന റെക്കോഡും യുവതാരം സ്വന്തം പേരിലാക്കി. വെറും 23 വയസ്സ് മാത്രം പ്രായമുള്ള രചിന്റെ ഒന്‍പതാമത്തെ മാത്രം ഏകദിന ഇന്നിങസാണിത്. താരത്തിന്റെ കരിയറിലെ ആദ്യ ഏകദിന സെഞ്ചുറിയുമാണിത്.
സെഞ്ചുറി നേടിയശേഷം കോണ്‍വെ അടിച്ചുതകര്‍ത്തു. വെറും 119 പന്തുകളില്‍ നിന്ന് താരം 150 റണ്‍സ് അടിച്ചെടുത്തു. വെറും 36 പന്തുകളില്‍ നിന്നാണ് താരം സെഞ്ചുറിയില്‍ നിന്ന് 150-ല്‍ എത്താനായി എടുത്തത്. മറുവശത്ത് രചിന് കോണ്‍വെയ്ക്കൊപ്പം അടിച്ചുതകര്‍ത്തു. വൈകാതെ ഇരുവരും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു. കോണ്‍വെ 121 പന്തുകളില്‍ നിന്ന് 19 ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 152 റണ്‍സെടുത്തു. രചിന് 96 പന്തുകളില്‍ നിന്ന് 11 ഫോറിന്റെയും അഞ്ച് സിക്സിന്റെയും അകമ്പടിയോടെ 123 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ഏക വിക്കറ്റ് വീഴ്ത്തിയത് സാം കറനാണ്.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെടുത്തു. 77 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയും ഡേവിഡ് മലാനും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 17 റണ്‍സെടുത്ത മലാനെ പുറത്താക്കി മാറ്റ് ഹെന്റി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ വന്ന ജോ റൂട്ടിനെ കൂട്ടുപിടിച്ച് ബെയര്‍സ്റ്റോ ടീം സ്കോര്‍ 50 കടത്തി. എന്നാല്‍ ബെയര്‍സ്റ്റോയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. 33 റണ്‍സെടുത്ത താരത്തെ മിച്ചല്‍ സാന്റ്നര്‍ പുറത്താക്കി.
നാലാമനായി ക്രീസിലെത്തിയ ഹാരി ബ്രൂക്ക് വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. രചിന് രവീന്ദ്ര ചെയ്ത 17-ാം ഓവറില്‍ തുടര്‍ച്ചയായി സിക്സും ഫോറുമടിച്ച് താരം ട്വന്റി 20 ശൈലിയില്‍ ബാറ്റുവീശിയെങ്കിലും ഓവറിലെ അവസാന പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. 25 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ വന്ന മോയിന്‍ അലി 11 റണ്‍സുമായി മടങ്ങിയതോടെ ഇംഗ്ലണ്ട് 118 ന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.
ആറാമനായി ക്രീസിലെത്തിയ നായകന് ജോസ് ബട്ലര് റൂട്ടിന് മികച്ച പിന്തുണ നല്‍കിയതോടെ ഇംഗ്ലണ്ട് തകര്‍ച്ചയില്‍ നിന്ന് കരകയറി. ബട്ലറെ സാക്ഷിയാക്കി റൂട്ട് അര്‍ധസെഞ്ചുറി നേടി. ഇരുവരും ചേര്‍ന്ന് സ്കോര്‍ 188-ല്‍ എത്തിച്ചെങ്കിലും 43 റണ്‍സെടുത്ത ബട്ലറെ മാറ്റ് ഹെന്റി പുറത്താക്കി. ഇതോടെ ടീം പതറി. പിന്നാലെ വന്ന ലിയാം ലിവിങ്സ്റ്റണെ കൂട്ടുപിടിച്ച് റൂട്ട് ടീം സ്കോര്‍ 200 കടത്തി. എന്നാല്‍ ലിവിങ്സ്റ്റണും നിരാശപ്പെടുത്തി. 20 റണ്‍സെടുത്ത താരത്തെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കി. പിന്നാലെ റൂട്ടും മടങ്ങി. ഇതോടെ ഇംഗ്ലണ്ട് തകര്‍ന്നു. 86 പന്തില്‍ 77 റണ്‍സെടുത്ത റൂട്ടിനെ ഗ്ലെന്‍ ഫിലിപ്സ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
പിന്നാലെ വന്ന സാം കറന് (14), ക്രിസ് വോക്സ് (11) എന്നിവരും നിരാശപ്പെടുത്തി. അവസാന വിക്കറ്റില്‍ മാര്‍ക്ക് വുഡും ആദില്‍ റഷീദും ചേര്‍ന്ന് ടീം സ്കോര്‍ 280 കടത്തി. വുഡ് 13 റണ്‍സെടുത്തു റഷീദ് 15 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.കിവീസിനായി മാറ്റ് ഹെന്റി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സാന്റ്നര്‍ ഗ്ലെന്‍ ഫിലിപ്സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ട്രെന്റ് ബോള്‍ട്ടും രചിന് രവീന്ദ്രയും ഓരോ വിക്കറ്റ് വീതം നേടി.