വാഷിങ്ടന്‍: ന്യൂയോര്‍ക്കില്‍ മകളെയും നാല് പേരക്കുട്ടികളെയും വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്തു. സംഭവത്തില്‍ കുട്ടികളുടെ മുത്തശ്ശിയായ ആമി സ്റ്റെഡ്മാനെ (64) പൊലീസ് പ്രതിയായി പ്രഖ്യാപിച്ചു. ഇവര്‍ മകള്‍ക്കും കൊച്ചുമക്കള്‍ക്കും വിഷം നല്‍കി മരണം ഉറപ്പിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ആമി സ്റ്റെഡ്മാന്‍, ഇവരുടെ മകള്‍ സാറാ മൈയേഴ്‌സ് (44), പേരക്കുട്ടികളായ ഹാര്‍പ്പര്‍ ഹാര്‍മന്‍ (13), ഹഡ്‌സന്‍ ഹാര്‍മന്‍ (11), ഗാവിന്‍ ഹാര്‍മന്‍ (10), ഗ്രേസിലിന്‍ ഹാര്‍മന്‍ (10) എന്നിവരാണ് മരിച്ചത്.
മെക്കാനിക്വില്ലിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് ആറ് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങളായി ഇവരെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിനുള്ളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും നിരവധി കുറിപ്പടികളും ആത്മഹത്യയ്ക്കായി ഉപയോഗിച്ച വിഷവും കണ്ടെത്തിയിട്ടുണ്ട്. ആമി മറ്റ് അഞ്ച് പേര്‍ക്കും ബോധപൂര്‍വം വിഷം നല്‍കിയതാണെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകങ്ങളില്‍ പുറത്തുനിന്നുള്ള മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായി തെളിവുകളില്ല.
കൊല്ലപ്പെട്ട കുട്ടികളില്‍ ഒരാളുടെ ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള മുറിവുകളുണ്ടെന്ന് മെക്കാനിക്വില്ലി പൊലീസ് ചീഫ് വില്യം റാബിറ്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മരണങ്ങള്‍ സംഭവിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കുട്ടികളുടെ പിതാവ് നിലവില്‍ യുട്ടായിലാണ് താമസിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
English SummaryIn a shocking incident in New York, a 64-year-old grandmother, Amy Steadman, committed suicide after fatally poisoning her daughter and four grandchildren. The police officially named Steadman as the prime suspect in the mass murder, which claimed the lives of her daughter Sarah Myers (44) and grandchildren Harper (13), Hudson (11), Gavin (10), and Gracelyn (10). Authorities discovered the bodies inside their residence after neighbors raised alarms, and a comprehensive forensic investigation is now underway to determine the motive behind this horrific tragedy.


