ദോഹ: ഫിഫ ലോകകപ്പിൽ പോർച്ചുഗൽ കിരീടം ഉയർത്തുന്നത് സ്വപ്നം കാണുന്ന വലിയൊരു ആരാധക കൂട്ടമുണ്ട്. പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ആരാധകരുടെ ആ സ്വപ്നങ്ങൾക്കെല്ലാം ചിറകു നൽകുന്നത്. എന്നാൽ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്ന ഇന്നത്തെ മത്സരത്തിൽ ക്രിസ്റ്റ്യാനോ കളത്തിലുണ്ടാകില്ല എന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം പരിശീലനത്തിന് സൂപ്പർ താരം എത്താത്തതോടെയാണ് ആരാധകരെ നിരാശപ്പെടുത്തിയ വാർത്തയും എത്തിയത്.
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സി ആർ 7 ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ദക്ഷിണ കൊറിയക്കെതിരായ പോരാട്ടത്തിൽ പറങ്കിപ്പടയെ നയിക്കാൻ എത്തിയേക്കുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച് പ്രി ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചു കഴിഞ്ഞ പോർച്ചുഗൽ ഇന്നിറങ്ങുന്നത് ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാന്‍ വേണ്ടിയാണ്. ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ ക്രിസ്റ്റ്യാനോ കൂടി കളത്തിലെത്തിയാൽ ജയത്തോടെ കുതിക്കാം എന്നാണ് ആരാധകരുടെ പ്രതീക്ഷ. സൂപ്പർ താരത്തിന് പരിക്കേറ്റതുകൊണ്ടല്ല ഇന്നലെ പരിശീലനത്തിന് എത്താതിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. കുടുബം ഖത്തറിൽ എത്തിയതിനാൽ അവർക്കൊപ്പം ചെലവഴിക്കാനാണ് റോണോ പരിശീലന സെഷനിൽ നിന്ന് ഇടവേള എടുത്തത് എന്നാണ് വ്യക്തമാകുന്നത്.
അതേസമയം പോർച്ചുഗൽ ആരാധകരെ നിരാശരാക്കുന്ന മറ്റൊരു വാർത്തയും ഇന്ന് പുറത്തുവന്നിട്ടുണ്ട്. പ്രതിരോധതാരം ന്യൂനോ മെന്‍ഡിസിന്‍റെ സേവനം പറങ്കിപ്പടയ്ക്ക് നഷ്ടമാകും എന്ന കാര്യത്തിൽ സ്ഥിരീകരണമായി. ഉറുഗ്വെയ്ക്ക് എതിരായ മത്സരത്തില്‍ പരിക്കേറ്റ് മൈതാനം വിട്ട താരത്തിന് ലോകകപ്പിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകും. താരത്തിന്‍റെ കാല്‍ത്തുടയ്‌ക്കാണ് പരിക്കേറ്റത്.
അതേസമയം ഘാനയ്ക്കും ഉറുഗ്വെയ്ക്കും എതിരായ മത്സരങ്ങൾ വിജയിച്ച പോര്‍ച്ചുഗല്‍ എച്ച് ഗ്രൂപ്പില്‍ നിലവിൽ ഒന്നാമതാണ്. ഇന്ന് ദക്ഷിണ കൊറിയക്കെതിരെ വിജയിച്ചാല്‍ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും. രാത്രി എട്ടരയ്ക്ക് മത്സരം തുടങ്ങും. ഘാനയ്ക്ക് ഉറുഗ്വൊയാണ് ഇന്ന് എതിരാളി.