കോട്ടയം മെഡിക്കൽ കോളേജില്‍ പുതിയ സർജിക്കൽ ബ്ലോക്കിൽ 3 വാർഡുകൾ പ്രവർത്തനം ആരംഭിച്ചു

കോട്ടയം മെഡിക്കൽ കോളേജില്‍ പുതിയ സർജിക്കൽ ബ്ലോക്കിൽ 3 വാർഡുകൾ  പ്രവർത്തനം ആരംഭിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതുതായി നിർമിച്ച സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. മൂന്നാം നിലയിലാണ് പ്രവർത്തിക്കുന്നത്. വൈകിട്ട് തന്നെ വാർഡുകൾ പൂർണ സജ്ജമായി. 10, 17, സി.എൽ 4- 1 എന്നീ വാർഡുകൾ മാറ്റാനുള്ള നടപടിയായി.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഈ വാര്‍ഡുകള്‍ പ്രവർത്തിച്ചിരുന്ന കാലപ്പഴക്കംചെന്ന കെട്ടിടം ഇടിഞ്ഞുവീഴുകയായിരുന്നു. കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് പൊളിഞ്ഞുവീണത്. തകര്‍ന്ന് വീണ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി ഒരു സ്ത്രീ മരിക്കുകയും ഒരുകുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്ത് അൽപ സമയത്തിനകമാണ് ബിന്ദു മരിച്ചത്. പുറത്തെടുത്തപ്പോൾ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പോലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News