മുംബൈ: ഗർഭകാലത്ത് പാരസീറ്റമോൾ ഉപയോഗിക്കുന്നത് ഗർഭസ്ഥ ശിശുവിന് ഓട്ടിസം, എഡിഎച്ച്ഡി(attention-deficit/hyperactivity disorder) തുടങ്ങി നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ടുള്ള തകരാറുകള്‍ക്ക് സാധ്യത കൂട്ടുമെന്ന് പുതിയ പഠനം. എൻവയോൺമെന്റൽ ഹെൽത്ത് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആഗോളതലത്തിൽ അസെറ്റാമിനോഫെൻ എന്നറിയപ്പെടുന്ന പാരസീറ്റമോൾ മറ്റു വേദനാസംഹാരികളെ അപേക്ഷിച്ച് സുരക്ഷിതമായാണ് കണക്കാക്കപ്പെട്ടിരുന്നത്. പാരസീറ്റമോൾ ഉപയോഗം സംബന്ധിച്ച 46 പഠനങ്ങൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഇതിൽ 27 പഠനങ്ങളിലും പാരസീറ്റമോൾ ഉപയോഗം ഓട്ടിസം, എഡിഎച്ച്ഡി, മറ്റ് നാഡീവ്യൂഹ വികാസ തകരാറുകൾ തുടങ്ങിയവയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഒമ്പത് പഠനങ്ങൾ യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
അമേരിക്കയിലെ ഐകാൻ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഗർഭകാലത്തെ പാരസീറ്റമോൾ ഉപയോഗം ഭ്രൂണത്തിന്റെ മസ്തിഷ്ക വികാസത്തിൽ തകരാറുകൾ ഉണ്ടാക്കുന്നുവെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഐകാൻ സ്കൂൾ ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസർ ഡിഡിയർ പ്രാഡാ പറയുന്നത്.
വിദഗ്ധ നിർദേശത്തോടെ മാത്രം പാരസീറ്റമോൾ കഴിക്കുകയും ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്യണമെന്നും ഗവേഷകർ പറയുന്നു. വിഷയത്തിൽ കൂടുതൽ പഠനം നടത്തി ആധികാരികത ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്.
നേരത്തേയും സമാനമായ പഠനങ്ങൾ പുറത്തുവന്നിരുന്നു. യു.എസിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഗർഭകാലത്തെ പാരസീറ്റമോൾ ഉപയോഗം ഗർഭസ്ഥശിശുവിന് എഡിഎച്ച്ഡി ഉണ്ടാവാൻ കാരണമാകുമെന്ന് വ്യക്തമാക്കിയത്. ഗർഭാവസ്ഥയിൽ മാതാവ് അസെറ്റാമിനോഫെൻ ഉപയോഗിച്ച പെൺകുട്ടികളിൽ പത്ത് വയസ്സിനുള്ളിൽ എഡിഎച്ച്ഡി പിടിപെടാനുള്ള സാധ്യത ആറിരട്ടിയാണെന്നും പഠനത്തിൽ പറഞ്ഞിരുന്നു.
ഗർഭകാലത്തെ അസെറ്റാമിനോഫെൻ ഉപയോഗം കുട്ടികളിൽ എഡിഎച്ച്ഡിയ്ക്ക് കാരണമാകുമെന്നതിന്റെ അവ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് 2015 ൽ എഫ്ഡിഎ (Food and Drug Administration ) പ്രസ്താവിച്ചിരുന്നു. എന്നാൽ ഇതിന് ശാസ്ത്രീയമായ തെളിവുകൾ ഇനിയും ലഭിച്ചിട്ടില്ലെന്നാണ് വിവരം. പാരസീറ്റമോളും എഡിഎച്ച്ഡിയും തമ്മിലുള്ള ബന്ധം സ്പഷ്ടമാക്കുന്ന കൂടുതൽ പഠനങ്ങളും കൃത്യമായ തെളിവുകളും ഇനിയും വരേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ വാദം.
ഗർഭിണികൾ ആശങ്കപ്പെടേണ്ടതുണ്ടോ?
പഠനത്തിലെ കണ്ടെത്തലിൽ ഗർഭിണികൾ പാരസീറ്റമോൾ തീരെ കഴിക്കരുതെന്ന് പറയുന്നില്ല. മറിച്ച് കരുതൽ വേണമെന്നാണ് വ്യക്തമാക്കുന്നത്. അത്യാവശ്യമുള്ളപ്പോൾ മാത്രം വിദഗ്ധ നിർദേശത്തോടെ പാരസീറ്റമോൾ കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കഴിയുന്നതും ഡോസിന്റെ അളവ് കുറയ്ക്കാനും ഗർഭകാലത്ത് ഏത് മരുന്ന് കഴിക്കുന്നതിന് മുമ്പും ഡോക്ടറെ കണ്ട് വിദഗ്ധ ഉപദേശം തേടാനും ശ്രദ്ധിക്കണം.
എന്താണ് ഓട്ടിസം?
മസ്തിഷ്‌കവികാസത്തിലെ ഒരു തകരാറായി ഓട്ടിസത്തെ കണക്കാക്കാം. ഇതിൽ ഓട്ടിസ്റ്റിക്ക് ഡിസോർഡർ, ആസ്‌പെർഗർ സിൻഡ്രോം, റെറ്റ് സിൻഡ്രോം, Not otherwise specified (PDD-NOS) എന്നിങ്ങനെ പല അവസ്ഥകൾ ഉൾപ്പെട്ടിരിക്കുന്നു. പൊതുവേ കുട്ടിക്കാലത്ത് തന്നെ ഓട്ടിസം സ്ഥിരീകരിക്കപ്പെടാറുണ്ടെങ്കിലും മുതിർന്നതിനു ശേഷം മാത്രം സ്ഥിരീകരിക്കപ്പെടുന്ന അവസ്ഥകളും കുറവല്ല. പലരിലും ജീവിതത്തെ അസ്വസ്ഥപ്പെടുത്തുന്ന രീതിയിൽ തുടർന്നിരുന്ന ശീലങ്ങളും പെരുമാറ്റവുമെല്ലാം ഓട്ടിസത്തിന്റേതാണെന്ന് വൈകി തിരിച്ചറിഞ്ഞിട്ടുള്ളവരുമുണ്ട്. സാമൂഹികപരമായി ഇടപഴകുന്നതിനുള്ള ബുദ്ധിമുട്ട്, ആവർത്തിക്കുന്ന പെരുമാറ്റങ്ങൾ തുടങ്ങി കുട്ടിക്കാലത്തെ ലക്ഷണങ്ങളിൽ പലതും തന്നെയാണ് മുതിർന്നവരിലും പ്രകടമാവുന്നത്. പെരുമാറ്റം, ശീലങ്ങൾ, താൽപര്യങ്ങൾ തുടങ്ങിയവ സസൂക്ഷ്മം നിരീക്ഷിച്ചാണ് വിദഗ്ധർ രോഗനിർണയത്തിലെത്തുക.
എന്താണ് എഡിഎച്ച്ഡി ?
നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തകരാറാണിത്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകാതെ വരുന്ന ‘ഇൻഅറ്റൻഷൻ’, ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്തുചാടി ചെയ്യുന്ന ‘ഇംപൾസിവിറ്റി’, ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന ‘ഹൈപ്പർ ആക്ടിവിറ്റി’ എന്നിവയാണ് എഡിഎച്ച്ഡിയുടെ മുഖമുദ്ര.
അമിതമായ ശാരീരികപ്രവർത്തനങ്ങൾ, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക, മറവി, സമയക്ലിപ്തത ഇല്ലായ്മ, ചില കാര്യങ്ങളിൽ അമിതമായ ഊന്നൽ, അലഞ്ഞു നടക്കുന്ന മനസ് തുടങ്ങിയവയെല്ലാം ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്. തലച്ചോറിലെ ഡോപമിന്റെ അളവിൽ കുറവുണ്ടാകുകയും മസ്തിഷ്‌കത്തിലെ ഇരു അർദ്ധഗോളങ്ങളും തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യുമ്പോഴാണ് എഡിഎച്ച്ഡി എന്ന മാനസികാവസ്ഥയുണ്ടാവുന്നത്.


