അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശം; അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണം

പാലക്കാട്: വാളയാര്‍ അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണം. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ജാഗ്രതാ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ആരോഗ്യ വകുപ്പിന്റെതാണ് നിര്‍ദേശം. പരിശോധനാ ഫലം അപ്ലോഡ് ചെയ്യാത്ത പക്ഷം പ്രവേശനം അനുവദിക്കില്ലെന്ന് പാലക്കാട് കളക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് വ്യക്തമാക്കി.

സംസ്ഥാനത്ത് രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. പൊതുഗതാഗതത്തിനും ചരക്കു നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല. കൂട്ട പരിശോധനയില്‍ ശേഖരിച്ച ശേഷിക്കുന്ന സാമ്പിളുകളുടെ ഫലം ഇന്ന് പുറത്ത് വരും. സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു.

രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുത്. അനാവശ്യ യാത്രകളും രാത്രി കാലത്തെ കൂട്ടംചേരലുകളും അനുവദിക്കില്ല. പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, പാല്‍- പത്ര വിതരണം, രാത്രി ഷിഫ്റ്റില്‍ ജോലി നോക്കുന്നവര്‍,മെഡിക്കല്‍ സ്റ്റോര്‍, ആശുപത്രി, പെട്രോള്‍ പമ്പുകള്‍, എന്നീ വിഭാഗങ്ങള്‍ക്ക് ഇളവ് ഉണ്ടാകും. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ കേസ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരും.

സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി കൊവിഡ് കോര്‍കമ്മിറ്റി യോഗം വിളിച്ചു. 11 മണിക്കാണ് യോഗം നടക്കുക. ഉന്നതോദ്യോഗസ്ഥരും കളക്ടര്‍മാരും ഡിഎംഒമാരും യോഗത്തില്‍ പങ്കെടുക്കും. പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതും വാക്സിന്‍ വിതരണ സാഹചര്യവും വിലയിരുത്തും.

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. നാല് ലക്ഷം ഡോസ് വാക്സിന്‍ മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. വാക്സിന്‍ കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്‍ത്തിച്ചത് 200 കേന്ദ്രങ്ങള്‍ മാത്രമാണ്.

പല ജില്ലകളിലും ഇന്ന് വിതരണത്തിനുള്ള മതിയായ വാക്സിന്‍ ഇല്ല. കൂടുതല്‍ വാക്സിനേഷന്‍ നടക്കുന്ന തിരുവനന്തപുരത്ത് 1500 ഡോസ് വാക്സിന്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍ ഇന്ന് വാക്സിനേഷന്‍ വ്യാപകമായി മുടങ്ങും. ഇന്ന് കൂടുതല്‍ ഡോസ് വാക്സിന്‍ എത്തുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന് വ്യക്തത ഇല്ല.

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്നും സംശയമുണ്ട്. വൈറസ് കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് ഉന്നതതല യോഗം നിര്‍ദ്ദേശം നല്‍കി. ഇന്ന് ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തിലാണ് ഇത്തരത്തില്‍ ഒരു ചര്‍ച്ച ഉണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News