ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ന്യൂഡല്‍ഹി: ഈ മാസം 23 ന് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപം കൊള്ളുന്നതിനെ തുടര്‍ന്ന് കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുമെന്നു മെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പെയ്യുന്ന കനത്ത മഴ വ്യാഴാഴ്ച വരെ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദം പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും, തൊട്ടടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ ഫലമായി ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, ഛത്തീസ് ഗഡ്, ജാര്‍ഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വീണ്ടും കനത്ത മഴ പെയ്യാനിടയുണ്ട്.

രാജ്യത്തെ മണ്‍സൂണ്‍ തോട് സജീവവും അതിന്റെ സാധാരണ സ്ഥാനത്തിന് സമീപവുമാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് തെക്കോട്ട് മാറാനും അടുത്ത അഞ്ച് ദിവസങ്ങളില്‍ സജീവമായി തുടരാനും സാധ്യതയുണ്ട്. അറേബ്യന്‍ കടലില്‍ നിന്ന് ശക്തമായ ഈര്‍പ്പമുള്ള തെക്ക് പടിഞ്ഞാറന്‍ കാറ്റ് വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെയും മധ്യേന്ത്യയുടെയും സമതലങ്ങളില്‍ താഴ്ന്ന തലങ്ങളില്‍ കൂടിച്ചേരുന്നു. അതിനാല്‍ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ അടുത്ത മൂന്നു നാല് ദിവസങ്ങളില്‍ കൂടി മഴ തുടര്‍ന്നേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News