തിരുവനന്തപുരം∙സംസ്ഥാനത്ത് പുതിയ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ഫോട്ടോ സ്റ്റുഡിയോകൾ തുറക്കാൻ അനുമതിയായി. നീറ്റ് അടക്കമുള്ള പരീക്ഷകള്‍ക്ക് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകൾ തുറക്കാൻ അനുമതി നൽകി. വിത്ത്, വളക്കടകൾ അവശ്യസർവീസുകളായി പ്രഖ്യാപിച്ചു. വൊക്കേഷണല്‍ പരിശീലന സ്ഥാപനങ്ങള്‍ പഠിതാക്കളെ കൊണ്ട് വരാതെ തന്നെ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
ഓണത്തിന് മുമ്പ് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. ബുധനാഴ്ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കും. നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വേഗത്തില്‍ വാക്‌സിന്‍ കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമായാല്‍ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നല്‍കാന്‍ ശ്രമിക്കും.വാക്‌സിന്‍ എടുക്കാന്‍ വരുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിനേഷന്‍ നടപടികള്‍ ഫലപ്രദമാക്കാന്‍ തദ്ദേശ സ്വയം ഭരണം, ആരോഗ്യം, റവന്യൂ, പൊലീസ് എന്നി വകുപ്പുകള്‍ കൂട്ടായി ഇടപെടണം. വികേന്ദ്രീകൃതമായി തദ്ദേശ സ്വയംഭരണ തലത്തില്‍ വാക്‌സിന്‍ കൊടുക്കുന്നതാണ് നല്ലത്. നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് വാക്‌സിന്‍ നല്‍കാനാകണം. തുണിക്കടകള്‍ കര്‍ശനമായ കോവിഡ് പ്രേട്ടോകോള്‍ പാലിച്ച് തുറക്കുന്ന കാര്യം ആലോചിക്കും. വാക്‌സിനേറ്റ് ചെയ്ത നിശ്ചിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച് കട ഉടമകള്‍ അതിനുള്ള ക്രമീകരണം ഉണ്ടാക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കണം. പ്രേട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
അതേസമയം, സംസ്ഥാനത്തെ കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്ര സംഘം വീണ്ടുമെത്തുന്നു. രോഗവ്യാപനം കുറയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കേസുകളിൽ 50 ശതമാനത്തിൽ അധികവും കേരളത്തിലാണ്. പ്രതിദിന കേസുകളുടെ എണ്ണത്തിലും വർധനയുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് കേന്ദ്രസംഘം കേരളത്തിലേക്ക് വീണ്ടും എത്തുന്നത്.
നിയന്ത്രണങ്ങൾ :
എ, ബി കാറ്റഗറികളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ സർക്കാർ ഓഫിസുകളിൽ 50 ശതമാനവും സി.വിഭാഗത്തിൽ 25 ശതമാനവും ഹാജർ .
ബാങ്കുകൾക്ക് ആഴ്ചയിൽ അഞ്ചു ദിവസവും പ്രവർത്തിക്കാം.
എ, ബി കാറ്റഗറികളിലെ ആരാധനാലയങ്ങൾ തുറക്കാം.
എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലുൾപ്പെടെ പരീക്ഷകൾ നടത്താം.
എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിൽ ടെലിവിഷൻ സീരിയലുകളുടെ ഇൻഡോർ ഷൂട്ടിങ് അനുവദിക്കും.
എ, ബി, സി കാറ്റഗറികളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന സൂപ്പർ മാർക്കറ്റുകൾ ശനി, ഞായർ ദിവസങ്ങളിൽ ഹോം ഡെലിവറിക്കു മാത്രമായി പ്രവർത്തിക്കാം
കാറ്റഗറി ഡിയിൽപ്പെടുന്ന സ്ഥലങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ
ആവശ്യാനുസരണം മാത്രം പൊതുഗതാഗതം
ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളിൽ ഓട്ടോ റിക്ഷകളിൽ രണ്ടു യാത്രക്കാരെ കയറ്റാം.
മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ ആർ.ടി.പി.സി.ആർ. നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം.
എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ ഹോട്ടലുകളും റസ്റ്ററന്റുകളും ടെക്ക് എവേ, ഹോം ഡെലിവറി എന്നിവയ്ക്കായി രാത്രി 9.30 വരെ പ്രവർത്തിക്കാം.
എ, ബി കാറ്റഗറി പ്രദേശങ്ങളിലെ ജിമ്മുകൾ, ഇൻഡോർ സ്‌പോർട്‌സ് എന്നിവ പ്രവർത്തിക്കാം.
എ, ബി, സി വിഭാഗങ്ങളിൽ കടകൾ തുറക്കാൻ അനുവദിച്ചിട്ടുള്ള ദിവസങ്ങളിൽ രാത്രി എട്ടു വരെ പ്രവർത്തിക്കാം.
എ,ബി കാറ്റഗറി പ്രദേശങ്ങളിൽ ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ തുറക്കാം.
എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ നിലവിൽ അനുവദിച്ചിട്ടുള്ളവയ്ക്കു പുറമേ ഇലക്ട്രോണിക് ഷോപ്പുകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ എന്നിവ ദിവസവും രാവിലെ ഏഴു മുതൽ വൈകിട്ട് എട്ടു വരെ തുറക്കാം.
സിനിമ ഷൂട്ടിങ് അനുവദിക്കും.