തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന നടനും സംവിധായകനുമായ മേജർ രവിയെ സംസ്ഥാന ഉപാദ്ധ്യക്ഷനായി നാമനിർദ്ദേശം ചെയ്തു. മേജർ രവിയോടൊപ്പം ബിജെപിയിൽ ചേർന്ന കണ്ണൂരിൽ നിന്നുള്ള മുൻ കോൺഗ്രസ് നേതാവ് സി രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും നാമനിർദ്ദേശം ചെയ്തു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച നേതാവാണ് സി രഘുനാഥ്. ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് ഇരുവർക്കും പാർട്ടി അംഗത്വം നൽകി സ്വീകരിച്ചത്.
മേജർ രവി ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് സൂചനയുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടിയിൽ ചേരുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.
അടുത്തിടെ നടൻ ദേവനെയും സംസ്ഥാന ബിജെപി ഉപാദ്ധ്യക്ഷൻ സ്ഥാനത്തേക്ക് നിയോഗിച്ചിരുന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ച ദേവൻ ആ പാർട്ടിയെ ബിജെപിയിലേക്ക് ലയിപ്പിക്കുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൂടുതൽ പ്രമുഖരെ പാർട്ടിയിലേക്ക് എത്തിക്കാൻ നേതൃത്വം ശ്രമിക്കുന്നുണ്ട്.