തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായാല്‍ പരിശോധന വീടുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ആരോഗ്യാവകുപ്പ്. രോഗികളില്‍ കൂടുതല്‍ പേരും വീടുകളില്‍ ക്വാറന്റൈനില്‍ ആയ സാഹചര്യത്തിലാണ് തീരുമാനം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് പരിശോധനാ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് നടപടി.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി രോഗികളുടെ ആരോഗ്യനില നിരീക്ഷിക്കാനും തീരുമാനമായി.രക്ത പരിശോധന ഉള്‍പ്പെട നടത്തും. ഗുരുതര പ്രശ്‌നമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും.
കേരളത്തില്‍ ഇന്നലെ 18,607 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,85,14,136 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 35,499 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 447 പേര്‍ക്ക് കഴിഞ്ഞ ദിവസം ജീവന്‍ നഷ്ടപ്പെട്ടു.
39689 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് രോഗമുക്തി നേടിയത്. 4,02,188 പേര്‍ നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നു .രാജ്യത്തെ രോഗമുക്തി നിരക്ക് 97.40 ശതമാനമാണ്.തുടര്‍ച്ചയായ 14-ാം ദിവസവും രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയാണ്. നിലവില്‍ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.59 ശതമാനമാണ്. ഇത് വരെ 50.86 കോടിയിലേറെ വാക്സിന്‍ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.