കൊച്ചി:നയതന്ത്ര ബാഗേജിൽ സ്വര്‍ണം കടത്തിയ കേസിൽ ശിവശങ്കറിനെതിരായ കുറ്റപത്രം ഇഡി സമർപ്പിച്ചു. കുറ്റപത്രത്തില്‍ ഇതുവരെയില്ലാത്ത പുതിയ ഒരു കഥാപാത്രം കൂടിയെന്ന് റിപ്പോർട്ട്. റെസി ഉണ്ണിയെന്നയാളുമായി ശിവശങ്കറിനുള്ള ബന്ധമെന്തെന്ന് അന്വേഷിക്കുകയാണ് ഇഡി.
വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ ശിവശങ്കര്‍ സ്വപ്നയെ കുറിച്ചും വമ്പൻ സാമ്പത്തിക ഇടപാടുകളെ കുറിച്ചും നിരന്തരം പങ്കുവെച്ചിരുന്നതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ റെസി ഉണ്ണിയെ കുറിച്ച് കൂടുതല്‍ വിവരമൊന്നുമില്ല. 80 ലക്ഷം രൂപയുടെ പ്രൈസ് വാട്ടര്‍കൂപ്പര്‍ അഴിമതിയെകുറിച്ചും റെസി ഉണ്ണിയുമായുള്ള വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ ഈ സന്ദേശത്തെകുറിച്ച് ചോദിച്ചപ്പോള്‍ അതിന് ഈ അന്വേഷണവുമായി യാതാരു ബന്ധവുമില്ലെന്നും തന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് ഇതെന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ പ്രതികളിലൊരാളായ സ്വപ്ന, യുഎഇ കോണ്‍സുലേറ്റിലെ ഖാലിദ് എന്നിവരെകുറിച്ചെല്ലാം ശിവശങ്കര്‍ റെസി ഉണ്ണിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റില്‍ പറയുന്നു.
ശിവശങ്കര്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരനാണെന്ന് ഇഡി കുറ്റപത്രത്തില്‍ പറയുന്നു. ശിവശങ്കര്‍ കള്ളക്കടത്ത് സംഘത്തെ അറിഞ്ഞുകൊണ്ട് സഹായിച്ചു. കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ ഇനിയും കണ്ടെത്താനുണ്ടെന്നും ശിവശങ്കറുടെ സ്വത്ത് കണ്ടുകെട്ടാന്‍ കോടതി നടപടിയെടുക്കണമെന്നും ഇഡി ആവശ്യപ്പെട്ടു.