കാമുകന്‍ ചതിച്ചു; ഹോസ്റ്റല്‍ ശുചിമുറിയില്‍ ആരും അറിയാതെ പ്രസവം; ചോരക്കുഞ്ഞിനെ ബക്കറ്റിലാക്കി ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു കൊന്നു; 19കാരി അറസ്റ്റില്‍

ഹൈദരാബാദ്: തെലങ്കാനയിലെ ഗോല്‍ക്കൊണ്ടയില്‍ കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞുകൊന്ന പത്തൊന്‍പതുകാരിയായ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. ഗോല്‍ക്കൊണ്ടയിലെ തെലങ്കാന മൈനോറിറ്റി റെസിഡന്‍ഷ്യല്‍ ജൂനിയര്‍ കോളേജിലെ രണ്ടാം വര്‍ഷ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിനിയെയാണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച (ജൂണ്‍ 23) രാവിലെ കോളേജിലെത്തിയ പ്രിന്‍സിപ്പല്‍ മൈമൂന പര്‍വീണ്‍ ഓഫീസിന്റെ ജനല്‍ തുറന്നപ്പോഴാണ് കെട്ടിടത്തിന് പിന്നിലുള്ള സര്‍ക്കാര്‍ ഡിസ്‌പെന്‍സറിയുടെ മേല്‍ക്കൂരയില്‍ ചലനമറ്റ നിലയില്‍ ഒരു നവജാതശിശുവിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

പുലര്‍ച്ചെ 4.30 ഓടെ ശുചിമുറിയിലേക്ക് പോവുകയും തൊട്ടുപിന്നാലെ മുറിയിലേക്ക് മടങ്ങുകയും ചെയ്ത 19-കാരിയെ പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ പോലീസ് ചോദ്യം ചെയ്തതോടെ പെണ്‍കുട്ടി കുറ്റസമ്മതം നടത്തി. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുലര്‍ച്ചെ ശുചിമുറിയില്‍ വെച്ച് താന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി പെണ്‍കുട്ടി സമ്മതിച്ചു. തുടര്‍ന്ന് നവജാതശിശുവിനെ ഒരു ബക്കറ്റിലാക്കി മുറിയിലേക്ക് കൊണ്ടുവന്ന ശേഷം ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് പതിച്ചതിന്റെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരിച്ചത്.

കേസിലെ കൂടുതല്‍ അന്വേഷണത്തില്‍, വിദ്യാര്‍ത്ഥിനി തന്റെ ബന്ധുവായ രാജ്കുമാര്‍ (22) എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാളില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നും പോലീസ് കണ്ടെത്തി. എന്നാല്‍ ഗര്‍ഭവിവരമറിഞ്ഞതോടെ യുവാവ് പെണ്‍കുട്ടിയെ പിന്തുണയ്ക്കാനോ വിവാഹം കഴിക്കാനോ തയ്യാറായില്ലെന്ന് ഗോല്‍ക്കൊണ്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഓ) പി. സൈദുലു വ്യക്തമാക്കി. ഇതോടൊപ്പം, പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്ന കാലയളവില്‍ കുഞ്ഞിനെ ഇല്ലാതാക്കാന്‍ ഇയാള്‍ പലതവണ ശ്രമിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പങ്കാളി കൈവിട്ടതോടെയും കൂടെനില്‍ക്കാന്‍ ആരുമില്ലാതിരുന്നതിനാലും പെണ്‍കുട്ടി ഗര്‍ഭവിവരം മറ്റാരില്‍ നിന്നും അറിയിക്കാതെ ഒളിച്ചുവെക്കുകയായിരുന്നു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിത (BNS) സെക്ഷന്‍ 103(1), 238 എന്നിവ പ്രകാരം കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനും പെണ്‍കുട്ടിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രസവത്തെ തുടര്‍ന്ന് ആരോഗ്യനില മോശമായ വിദ്യാര്‍ത്ഥിനി നിലവില്‍ പോലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടതിനു ശേഷം കസ്റ്റഡിയിലെടുക്കല്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News