കോഴിക്കോട് ദേശീയപാതയില്‍ വന്‍ അപകടം,റോഡ് മുറിച്ചുകടക്കാന്‍ നിന്ന സ്ത്രീ കാറിടിച്ച് മരിച്ചു; കാര്‍ വെട്ടിപ്പൊളിച്ച് മൂന്ന് യുവാക്കളെ രക്ഷപ്പെടുത്തി

കോഴിക്കോട് ദേശീയപാതയില്‍ വന്‍ അപകടം: റോഡ് മുറിച്ചുകടക്കാന്‍ നിന്ന സ്ത്രീ കാറിടിച്ച് മരിച്ചു; കാര്‍ വെട്ടിപ്പൊളിച്ച് മൂന്ന് യുവാക്കളെ രക്ഷപ്പെടുത്തി

കോഴിക്കോട്: ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് റോഡ് മുറിച്ചുകടക്കാന്‍ നിന്ന സ്ത്രീക്ക് ദാരുണാന്ത്യം. മൂരാട് താനാട്ട് സ്വദേശിനി മോളി (52) ആണ് മരിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കള്‍ക്കും പരിക്കേറ്റു. കാറിന്റെ മുന്‍ഭാഗം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ ഇവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

വ്യാഴാഴ്ച രാവിലെ 11.24 ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. പാനൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് അമിതവേഗതയില്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിന് സമീപം നില്‍ക്കുകയായിരുന്ന മോളിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മോളിയെ ഇടിച്ച ശേഷം കാര്‍ റോഡിലെ ഡിവൈഡറിലിടിച്ചാണ് നിന്നത്.

ഇടിയുടെ ശക്തമായ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ മോളിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തെ തുടര്‍ന്ന് കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നു. ഇതോടെ വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ യുവാക്കളെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റ തലശ്ശേരി തെക്കെപാനൂര്‍ സ്വദേശികളായ ഷാഹില്‍ (18), അസിം (18), ബിലാല്‍ (17) എന്നിവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News