ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രവർത്തനം നിലയ്ക്കാറായ അൽ ഷിഫ ആശുപത്രിയിൽ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ബന്ധം താറുമാറായതോടെ ഇൻക്യുബേറ്ററിലായിരുന്ന നവജാത ശിശുശക്കളെ പുറത്തേക്ക് മാറ്റി കിടത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ട് കുഞ്ഞുങ്ങൾ മരിച്ചെന്നും, കൂടുതൽ പേരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ഡോക്ടർമാർ പറയുന്ന വീഡിയോയും അൽജസീറ അടക്കം മാധ്യമങ്ങൾ പുറത്ത് വിട്ടു.
കുഞ്ഞുങ്ങളെ ഒഴിപ്പിക്കാൻ തയ്യാറെന്ന് ഇസ്രയേൽ അറിയിച്ചതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. ഇന്ധന പ്രതിസന്ധിയെ തുടന്ന് ആശുപത്രികൾ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഇന്ധനം ഇല്ലാതായതോടെ, പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഗാസയിലെ മറ്റൊരു ആശുപത്രിയായ അൽ ഖുദ്സും അറിയിച്ചു. അൽ ഷിഫ ആശുപത്രിയുമായുള്ള എല്ലാ വാർത്താ വിനിമയ സംവിധാനവും നഷ്ടമായതായി ലോകാരോഗ്യ സംഘടന മേധാവിയും അറിയിച്ചു.
പലസ്തീനിലെ ഇസ്രയേൽ കുടിയേറ്റത്തെ അപലപിക്കുന്ന ഐക്യരാഷ്ട്ര സഭ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ. നേരത്തെ ഇസ്രയേൽ-പലസ്തീൻ യുദ്ധത്തെ തുടർന്ന് യുഎന്നിൽ ജോർദാൻ കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ത്യ വോട്ടുചെയ്യാതെ പിന്മാറിയിരുന്നു. ഇസ്രയേൽ–ഹമാസ് സംഘർഷത്തിൽ ഇസ്രയേലിനുള്ള പിന്തുണക്കുന്ന നിലപാടാണ് ഇന്ത്യ തുടക്കം മുതലേ സ്വീകരിച്ചിരുന്നത്. എന്നാൽ, യുദ്ധത്തിന് പിന്നാലെ പലസ്തീൻ മേഖലയിലേക്കുള്ള ഇസ്രയേൽ കുടിയേറ്റത്തെ അപലപിച്ച് യുഎൻ പ്രമയേത്തെ ഇന്ത്യ അനുകൂലിച്ചു.
കിഴക്കൻ ജറുസലം ഉൾപ്പെടെ അധിനിവേശ പലസ്തീനിലേക്കും അധിനിവേശ സിറിയൻ ഗൊലാനിലേക്കുമുള്ള ഇസ്രയേലിന്റെ കുടിയേറ്റത്തെ എതിർത്താണ് യുഎൻ വ്യാഴാഴ്ച പ്രമേയം അവതരിപ്പിച്ചതും വോട്ടിനിട്ടതും. വോട്ടെടുപ്പിൽ ഏഴ് യുഎസ്എ, കാനഡ തുടങ്ങി ഏഴ് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തപ്പോൾ 18 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ പലസ്തീനിൽ ഇതുവരെ മരണ സംഖ്യ 11,000 കടന്നു. 1400 പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്. ഗാസയിൽ കടന്ന് ഇസ്രയേൽ ആക്രമണം തുടരുകയാണ്.
കഴിഞ്ഞദിവസം റിയാദിൽ നടന്ന അറബ്-ഇസ്‌ലാമിക് ഉച്ചകോടി ഗാസയിലെ ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിന്റെ ഗാസ അക്രമണത്തെ ‘സ്വയം പ്രതിരോധം’ എന്ന് ഇസ്രായേൽ വിശേഷിപ്പിക്കുന്നതോ ന്യായീകരിക്കുന്നതോ അംഗീകരിക്കനാകില്ലെന്നും ഉച്ചകോടി പറഞ്ഞു. ഗാസയിലെ യുദ്ധം എത്രയും വേഗത്തിൽ അവസാനിപ്പിക്കണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു.
പലസ്തീനികൾക്കെതിരായ ഇസ്രായേൽ നടപടികളെ സ്വയം പ്രതിരോധമായി ന്യായീകരിക്കുന്നത് തള്ളിക്കളയുകയാണ്. ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം യുദ്ധക്കുറ്റമാണ്. അധിനിവേശ ഭരണകൂടത്തിന്‍റെ ക്രൂരവും മനുഷ്യത്വരഹിതവുമായ ഈ കൂട്ടക്കൊലകളെ ഉച്ചകോടി ശക്തമായി അപലപിക്കുന്നു. ഗാസയിലെ ഉപരോധം അവസാനിപ്പിക്കാനും അവിടേക്ക് മാനുഷിക സഹായം അനുവദിക്കാനും ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിർത്തിവയ്ക്കാനും പ്രസ്താവന ആവശ്യപ്പെട്ടു