കൊച്ചി: ഒരു പുരോഹിതനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ആക്രമണമാണ് തനിക്കു നേരിടേണ്ടിവന്നതെന്ന് മുരിയാട് ബലാത്സംഗ കേസിലെ ഇര ഹൈക്കോടതിയില്‍. സംഭവം ഏല്‍പ്പിച്ച മാനസിക ആഘാതത്തില്‍ നിന്ന് ദീര്‍ഘനാള്‍ തനിക്കു പുറത്തുകടക്കാനായില്ലെന്ന്, കേസിലെ പ്രതി സിസി ജോണ്‍സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അവര്‍ കോടതിയെ അറിയിച്ചു.
വിവാഹത്തിനു ശേഷം പോലും ആക്രമണത്തിന്റെ ആഘാതത്തില്‍നിന്നു മോചനം നേടാനായില്ല. കൗണ്‍സലിങ്ങിലൂടെയാണ് ഒരുവിധം സാധാരണ നില വീണ്ടെടുക്കാനായത്. ഒളിംപ്യന്‍ മയൂഖ ജോണിയുടെ സഹായത്തോടെയാണ് ഇപ്പോള്‍ പരാതി നല്‍കിയതെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. സിആര്‍പിസി 164 പ്രകാരം മൊഴി രേഖപ്പെടുത്തിയിട്ടും പ്രതിക്കെതിരെ പോലീസ് നടപടിയൊന്നും എടുത്തില്ലെന്നും ഇര പറഞ്ഞു.
കേസില്‍ എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ചിന്റെ മുന്‍ ട്രസ്റ്റിയായ സിസി ജോണ്‍സനെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെടുക്കാനായിട്ടില്ല. ജോണ്‍സനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. അതിനാല്‍ ജാമ്യം നല്‍കരുതെന്ന് ക്രൈബ്രാഞ്ച് ആവശ്യപ്പെട്ടു.
സംഭവം നടക്കുമ്പോള്‍ പാസ്റ്റര്‍ ആയിരുന്നു പ്രതി. എല്ലാ രണ്ടാം ശനിയാഴ്ചയും ഇര തൃശൂരിലെ ഫല്‍റ്റില്‍ അമ്മയെ കാണാന്‍ എത്താറുണ്ടായിരുന്നു. സംഭവ ദിവസം അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് പ്രതി ബലാത്സംഗം ചെയ്യുകയും നഗ്‌ന ചിത്രങ്ങള്‍ എടുക്കുകയുമായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു. സംഭവം വാര്‍ത്താ സമ്മേളനത്തിലുടെ പുറത്തുപറഞ്ഞതിനു ശേഷം പ്രതി പരാതിക്കാരിയെയും മയൂഖാ ജോണിയെയും ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.