ദോഹ: 2022 ഫിഫ ലോകകപ്പിലെ സെനഗല്‍-നെതര്‍ലന്‍ഡ്‌സ് മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ സമനിലയില്‍. ഇരുടീമുകള്‍ക്കും ഗോളടിക്കാനായില്ല. ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് സെനഗലും നെതര്‍ലന്‍ഡ്‌സും കാഴ്ചവെച്ചത്.
മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. നാലാം മിനിറ്റില്‍ നെതര്‍ലന്‍ഡിന്റെ ബെര്‍ഗ്വിന് മികച്ച അവസരം ലഭിച്ചെങ്കിലും അത് സെനഗല്‍ പ്രതിരോധം തടഞ്ഞു. എട്ടാം മിനിറ്റില്‍ സെനഗലിന്റെ സിസ്സെയും മികച്ച അവസരം പാഴാക്കി.
19-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്‌സിന്റെ സൂപ്പര്‍ താരം ഫ്രെങ്കി ഡിയോങ്ങിന് സുവര്‍ണാവസരം ലഭിച്ചു. എന്നാല്‍ ബോക്‌സിന് മുന്നില്‍ നിന്ന് ലഭിച്ച പന്ത് കൃത്യമായി കാലിലൊതുക്കി കലകുലുക്കാന്‍ ഡിയോങ്ങിന് സാധിച്ചില്ല. സെനഗല്‍ മുന്നേറ്റ നിരയില്‍ സാദിയോ മാനെയുടെ അഭാവം പ്രകടമായിരുന്നു.
39-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്‌സിന്റെ സ്റ്റീവന്‍ ബെര്‍ഗ്‌വിസിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ സെനഗല്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. വൈകാതെ ആദ്യപകുതി അവസാനിച്ചു.