ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിച്ച കിറ്റ്കാറ്റ് കവറുകള്‍ പിന്‍വലിച്ച് അന്താരാഷ്ട്ര ചോക്കലേറ്റ് നിര്‍മാതാക്കളായ നെസ്ലെ. സമൂഹമാധ്യമങ്ങളില്‍ കവറിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നടപടി. ജഗന്നാഥന്‍, ബലഭദ്ര, ദേവി സുഭദ്ര എന്നീ ദൈവങ്ങളുടെ ചിത്രങ്ങളാണ് കവറിലുണ്ടായിരുന്നത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു ട്വിറ്ററിലടക്കം കമ്പനിക്ക് നേരെ രൂക്ഷ വിമര്‍ശനം.
ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന കവറുകളില്‍ ആളുകള്‍ ചവിട്ടി നടക്കുമെന്നും ദൈവങ്ങളുടെ ചിത്രം ചവറ്റുകൊട്ടകളിലാവും പിന്നീടുണ്ടാവുക എന്നുമൊക്ക ആളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കവര്‍ പിന്‍വലിച്ചതായറിയിച്ച് കമ്പനി രംഗത്തെത്തിയത്. ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതവികാരം വ്രണപ്പെടുമെന്നാലോചിച്ചില്ലെന്നും ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
കവറുകള്‍ പിന്‍വലിച്ചതിന് പുറമെ കവറുകള്‍ ഇറക്കിയതിനെ ചോദ്യം ചെയ്ത പലരോടും സത്യാവസ്ഥ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
പൈതൃക നഗരങ്ങളുടെ തനത് കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കവര്‍ ഇറക്കിയതെന്നാണ് കമ്പനിയുടെ വാദം. ഒഡീഷയുടെ പുരാതന കലാരൂപമായ പട്ടചിത്രയെ പ്രതിനിധീകരിച്ചായിരുന്നു വിവാദമായ കവറുകള്‍. ലിമിറ്റഡ് എഡിഷന്‍ കവറുകളായതിനാല്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടുമെന്നും ഇത്തരം കവറുകള്‍ ആളുകള്‍ ശേഖരിക്കാറാണ് പതിവെന്നും കമ്പനി വക്താവ് അറിയിച്ചു.