കോട്ടയം: നിയമസഭാ തരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന പ്രചാരണം ദുഷ്ടലാക്കോടെ ഉള്ളതാണെന്ന് കോട്ടയം യൂത്ത് കോണ്‍ഗ്രസ്. ഇത്തരം പ്രചാരണം ഏത് കോണില്‍ നിന്നാണ് വന്നത് എന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കുപോലും മനസ്സിലാവും. ആ അമ്പുകള്‍ ആവനാഴിയില്‍ തിരികെ വെക്കുന്നതാണ് നല്ലതെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.
സംസ്ഥാനത്ത് എവിടെ മത്സരിച്ചാലും വിജയസാധ്യതയുള്ള ഉമ്മന്‍ചാണ്ടി, കോട്ടയം വിട്ട് പുറത്തു പോകുമെന്നത് ചില കുബുദ്ധികളുടെ വ്യാജ പ്രചാരണം മാത്രമാണ്. നേമം എന്ന മണ്ഡലം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ബാലികേറാമലയൊന്നുമല്ല. അത് കോണ്‍ഗ്രസ് ശക്തമായി പ്രവര്‍ത്തിച്ചാല്‍ തിരിച്ചു പിടിക്കാവുന്നതേയുള്ളൂ. നേമത്തിന്റെ പേരില്‍ ഇത്രയും വലിയ കോലാഹലം ഉണ്ടാക്കുന്നതിന് പിന്നില്‍ ഗൂഡശക്തികള്‍ തന്നെയാണ്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടുകയുമില്ല. പുതുപ്പള്ളി വിടാന്‍ ഞങ്ങള്‍ സമ്മതിക്കുകയുമില്ലെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
അതേസമയം നേമത്ത് ആര് മത്സരിക്കണമെന്ന തീരുമാനം ഹൈക്കമാന്‍ഡിന്റേതെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. ഹൈക്കമാന്‍ഡ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്നും ഇരുവരും പറഞ്ഞു. നേമത്ത് മത്സരിക്കാന്‍ സന്നദ്ധമെന്ന് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ് സൂചന. എന്നാല്‍ നേമത്ത് ആരെന്നതില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.
പുതുപ്പള്ളി വിട്ട് ഉമ്മന്‍ ചാണ്ടി നേമം ഏറ്റെടുക്കരുതെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. ഇതിനായി ഉമ്മന്‍ ചാണ്ടിക്ക് മേല്‍ എ ഗ്രൂപ്പ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കെ മുരളീധരന് ഇളവ് നല്‍കി മത്സരിപ്പിക്കണമെന്നും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നിലപാട് അറിയിക്കണമെന്നും എ ഗ്രൂപ്പ് ആവശ്യപ്പെട്ടു.
നേമത്ത് ഇക്കുറി ഉമ്മന്‍ ചാണ്ടിയെത്തുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അദ്ദേഹം ഇത് നിഷേധിച്ചിരുന്നു. നിലവില്‍ അത്തരമൊരു ചര്‍ച്ചകളില്ല. ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല. ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ടിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്. എന്നാല്‍ ബിജെപിയുടെ കയ്യില്‍ നിന്ന് നേമം പിടിയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി മണ്ഡലത്തില്‍ എത്തിയേക്കുമെന്നാണ് സൂചന.ഇന്ന് വൈകുന്നേരം ആറ് മണിക്ക് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും.