ആലപ്പുഴ: മാറ്റിവെച്ച 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് നടക്കും. മഴക്കെടുതിയും പ്രളയ സാധ്യതയും മൂലമാണ് ഓഗസ്റ്റ് 10 ന് നടത്താനിരുന്ന നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ചത്.
ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളോടെ ജലമേളയ്ക്ക് തുടക്കമിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആയിരുന്നു മുഖ്യാതിഥിയായി തീരുമാനിച്ചിരുന്നത്. പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും വള്ളംകളി മാറ്റിയിരുന്നു.
നെഹ്റു ട്രോഫി ബോട്ട് റേസില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന ഒമ്പത് ചുണ്ടന്‍ വള്ളങ്ങളായിരിക്കും ഇനി കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും മാറ്റുരയ്ക്കുകയെന്നതാണ് ഇത്തവണത്തെ നെഹ്റു ട്രോഫിയുടെ ഏറ്റവും വലിയ പ്രത്യേകത.
കേരള ബോട്ട് ലീഗ് ഈ വര്‍ഷം ആരംഭിക്കും. നെഹ്റു ട്രോഫി വള്ളംകളിയില്‍ നിന്ന് ആരംഭിച്ച് കൊല്ലം പ്രസിഡന്റ് ട്രോഫിയില്‍ അവസാനിക്കുന്ന വിധമായിരിക്കും ക്രമീകരണം. അതിനായി പ്രത്യേകം യോഗ്യതാമത്സരങ്ങള്‍ ഇല്ല.