ടോക്യോ:പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ യോഗ്യതാ റൗണ്ടിൽ തന്നെ തകർപ്പൻ പ്രകടനവുമായി ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ നീരജ് ചോപ്ര.
ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 83.50 എന്ന യോഗ്യതാ മാർക്ക് മറികടന്ന താരം ഫൈനലിന് യോഗ്യത നേടി. ആദ്യ ശ്രമത്തിൽ 86.65 മീറ്ററാണ് താരം എറിഞ്ഞത്.നിലവിൽ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരം നീരജിന്റേതാണ്.ഏഷ്യൻ ഗെയിംസിലും ഗോൾഡ്കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിലും സ്വർണ ജേതാവാണ് നീരജ്.
ചരിത്രത്തിലേക്ക് ഇടിച്ചു കയറാൻ ഇന്ത്യൻ വനിതാ ബോക്സർ ലവ്ലിനയുടെ മുന്നിൽ ഒമ്പത് മിനിറ്റുകൾ മാത്രം. ബുധനാഴ്ച രാവിലെ 11-ന് തുർക്കിയുടെ ബുസെനാസ് സുർമെനെലിയെ നേരിടുമ്പോൾ ജയത്തിൽ കുറഞ്ഞൊന്നും ലവ്ലിനയ്ക്ക് മുന്നിലില്ല.
ലക്ഷ്യം നേടാൻ കൈ മെയ് മറന്ന് മത്സരിക്കണമെന്ന തിരിച്ചറിവും ഉണ്ട്. കാരണം എതിരാളി അത്ര നിസാരയല്ല. ലോക ഒന്നാം നമ്പർ താരമാണ് ബുസെനാസ്. വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ നിലവിലെ ലോക ചാമ്പ്യൻ.
ലോകവേദിയിൽ കഴിവ് തെളിയിച്ച ബോക്സർ. മുമ്പ് മിഡിൽവെയ്റ്റ് വിഭാഗത്തിലാണ് (70 കിലോ മുതൽ 73 കിലോ വരെ ശരീരഭാരം) തുർക്കി താരം മത്സരിച്ചിരുന്നത്. വെൽറ്റർ വെയ്റ്റ് വിഭാഗത്തിലേക്ക് മാറിയതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
എതിരാളിയുടെ പെരുമയൊന്നും ലവ്ലിനയുടെ ആത്മവിശ്വാസത്തിന് തടസ്സമാകുന്നില്ല. വിജേന്ദർ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്സിങ്ങിൽ ഒളിമ്പിക് മെഡൽ നേടുന്ന മൂന്നാം ഇന്ത്യൻ താരമെന്ന ബഹുമതി അവർ ഉറപ്പാക്കിക്കഴിഞ്ഞു. ഇനി സ്വർണമാണ് ലക്ഷ്യമെന്ന് സെമിയിലെത്തിയപ്പോൾതന്നെ പ്രഖ്യാപിച്ചതുമാണ്.
”ലവ്ലിന ആത്മവിശ്വാസത്തിലാണ്. നല്ലൊരു മത്സരം കാഴ്ചവെക്കാമെന്ന പ്രതീക്ഷയുണ്ട്.” – ദേശീയ കോച്ച് മുഹമ്മദ് അലി ഖമർ മത്സരത്തലേന്ന് വ്യക്തമാക്കി. ലവ്ലിനയ്ക്കും ബുസെനാസിനും ഇത് ആദ്യ ഒളിമ്പിക്സാണ്. ഇരുവരും ആദ്യമായാണ് ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്.