35.2 C
Kottayam
Wednesday, May 8, 2024

ഒളിംപിക്‌സ് സ്വർണ്ണത്തിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ വെള്ളി, ചരിത്രം കുറിച്ച് നീരജ് ചോപ്ര

Must read

ഒറിഗോണ്‍: ഒളിംപിക്‌സിലും ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും(World Athletics Championship 2022) മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര(Neeraj Chopra). പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണം സ്വന്തമാക്കിയ നീരജ് ചോപ്ര ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി. ഇതിന് മുമ്പ് ലോംഗ്‌ജംപ് താരം അഞ്ജു ബോബി ജോര്‍ജ് മാത്രമാണ് ലോക മീറ്റില്‍ ഇന്ത്യക്കായി മെഡല്‍ നേടിയിട്ടുള്ളൂ. പാരീസ് ചാമ്പ്യൻഷിപ്പില്‍ അഞ്ജു വെങ്കലമായിരുന്നു സ്വന്തമാക്കിയത്. 

നേരത്തെ ഒറിഗോണിലെ യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ ദൂരത്തോടെ രണ്ടാം സ്ഥാനക്കാരനായായിരുന്നു നീരജ് ചോപ്ര തന്‍റെ കന്നി ഫൈനലിന് യോഗ്യത നേടിയത്. കലാശപ്പോരില്‍ വിവിധ റൗണ്ടുകളില്‍ പ്രകടനം മെച്ചപ്പെടുത്തി നീരജ് വെള്ളിയിലേക്ക് ജാവലിന്‍ എറിയുകയായിരുന്നു. 88.13 മീറ്റര്‍ ദൂരവുമായാണ് നീരജിന്‍റെ വെള്ളി നേട്ടം. അതേസമയം ഫൈനലില്‍ മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം രോഹിത് യാദവിന് 10-ാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂ. ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് 90.54 മീറ്ററുമായി സ്വര്‍ണം നിലനിര്‍ത്തി. ഫൈനലില്‍ നീരജിന് ഏറ്റവും വലിയ വെല്ലുവിളിയാവുമെന്ന് പ്രതീക്ഷിച്ച താരം തന്നെയാണ് പീറ്റേഴ്‌സ്. 

ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയായിരുന്നു നീരജിന്‍റെ സ്വര്‍ണ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളൂവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week