27.8 C
Kottayam
Wednesday, May 29, 2024

നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ല, ഗായകൻ ലിനുവിന് മറുപടിയുമായി അൽഫോൺസ് ജോസഫ് 

Must read

കൊച്ചി:ണ്ട് ദിവസം മുമ്പാണ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. അയ്യപ്പനും കോശിയിലെയും ആലാപനത്തിന് നഞ്ചിയമ്മയെ(Nanchiyamma) ആയിരുന്നു മികച്ച ​ഗായികയായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ വിമർശനവുമായി ​ഗായകൻ ലിനു ലാല്‍(Linu Lal) രം​ഗത്തെത്തി. നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിക്കുന്നു. ഒരുമാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിക്കുന്നു. ഇപ്പോഴിതാ ലിനുവിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അൽഫോൺസ് ജോസഫ്. 

‘ഞാൻ നഞ്ചിയമ്മയുടെ കൂടെ നിൽക്കുന്നു. അവരെ മികച്ച ​ഗായികയായി തെരഞ്ഞെടുത്ത ദേശീയ അവർഡ് ജൂറിയുടെ പ്രവ‍‍ൃത്തിയിൽ ഞാ‍ൻ അവരെ പിന്തുണക്കുകയാണ്. സം​ഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ല. അതിന് സാധിക്കില്ലെങ്കിൽ ഞാൻ പഠിക്കാൻ തയ്യാറല്ല. ഞാൻ ഉദ്ദേശിച്ചത് വർഷങ്ങളുടെ പരിശീലനമോ പഠന കാര്യങ്ങളോ അല്ല, മറിച്ച് നിങ്ങളുടെ ആത്മാവിൽ നിന്നും ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും നിങ്ങൾ എന്താണ് നൽകിയത് എന്നതാണ് പ്രധാനം. ഇതാണ് എന്റെ കാഴ്ചപ്പാട്’, എന്നാണ് അൽഫോൺസ് പറഞ്ഞത്. ലിനുവിന്റെ ഫേസ്ബുക്ക് വീഡിയോയിൽ കമന്റായിട്ടായിരുന്നു അൽഫോൺസിന്റെ പ്രതികരണം. 

ലിനു ലാൽ പറഞ്ഞത്

ഇന്ത്യയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയ പാട്ട്, അല്ലെങ്കില്‍ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ അത്? എനിക്കതില്‍ സംശയമുണ്ട്. നഞ്ചിയമ്മയോട് എനിക്ക് യാതൊരു വിരോധവുമില്ല. ആ അമ്മയെ എനിക്ക് വളരെ അധികം ഇഷ്ടമാണ്. ആ ഫോക് സോം​ഗ് നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടു കൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും സാധിക്കില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടത്.

മൂന്നും നാലും വയസുമുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം ഉഴിഞ്ഞുവെച്ച ഒരുപാട് പേരുണ്ട്. അതിൽ പ്രശസ്തരുമുണ്ട്, അല്ലാത്തവരുമുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തു പോകില്ല അങ്ങനെയുള്ളവര്‍. പട്ടിണി കിടന്നാലും സംഗീതം എന്നത് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍. അവർക്ക് അത് ബിസിനസല്ല. അങ്ങനെ ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള്‍ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നു പറഞ്ഞാല്‍.

ഒരു പുതിയ ഗാനമൊരുക്കിയ ശേഷം നഞ്ചിയമ്മയെ വിളിച്ച് സ്റ്റുഡിയോയിൽ കൊണ്ടുപോയി പാടിപ്പിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മാസം സമയം കൊടുത്താൽ പോലും നഞ്ചിയമ്മയ്ക്ക് സാധാരണ പാട്ട് പാടാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ദാസ് സാറൊക്കെ എട്ടും പാത്തും പാട്ടൊക്കെ ലൈവ് ആയി പാടിയത് നമ്മൾ കേട്ടിട്ടുണ്ട്. ചിത്ര ചേച്ചി, മധു ചേട്ടൻ അങ്ങനെ ഒരുപാട് മികച്ച ഗായകരുണ്ട്. അവർക്ക് ഇത് ഒരു അപമാനമായി ആയി തോന്നില്ലേ.

അയ്യപ്പനും കോശിയും സിനിമയിലെ ആ ഗാനം ആ അമ്മ നല്ല രസമായി പാടിയിട്ടുണ്ട്. അതുകൊണ്ടു ആ അമ്മയ്ക്ക് ഒരു സ്പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കാമായിരുന്നു. മികച്ച ഗായികയ്ക്കുള്ളത് നല്ലൊരു ഗായികയ്ക്ക് തന്നെ കൊടുക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്നെ വിമര്‍ശിക്കാം. ഇതെന്റെ അഭിപ്രായം മാത്രമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week