ചവറ: നീണ്ടകര പാലത്തില്‍ വെച്ച് ഇന്ധനം തീര്‍ന്ന ലോറി നിന്നുപോയതോടെ ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടത് അഞ്ചു മണിക്കൂര്‍. വാഹനം നിലച്ചതോടെ ഡ്രൈവര്‍ കടന്നുകളഞ്ഞതാണ് സാഹചര്യം വഷളാക്കിയത്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ തടസപ്പെട്ടു. വിദ്യാര്‍ത്ഥികളും അധ്യാപകരും രോഗികളും ജോലിക്കായി പുറപ്പെട്ടവരുമെല്ലാം ഗതാഗത കുരുക്കില്‍പ്പെട്ട് വലഞ്ഞു.
ഇരു ഭാഗത്ത് നിന്നും എത്തിയ വാഹനങ്ങള്‍ തിക്കിത്തിരക്കി കടന്നുപോകാനുള്ള ശ്രമത്തില്‍ നീണ്ടകരപ്പാലം പൂര്‍ണമായും ഗതാഗതക്കുരുക്കിലായി. ദേശീയപാതയില്‍ കൊല്ലം ഭാഗത്ത് കാവനാട് ബൈപാസ് വരെയും കരുനാഗപ്പള്ളി ഭാഗത്ത് ശങ്കരമംഗലം വരെയും വാഹനങ്ങള്‍ നിരന്നു.
ആലുവയില്‍ നിന്ന് അരി കയറ്റി കൊല്ലം ഭാഗത്തേക്ക് വന്ന ലോറിയാണ് ഇന്നലെ രാവിലെ എട്ടരയോടെ ഇന്ധനം തീര്‍ന്നു പാലത്തിനു നടുവില്‍ നിശ്ചലമായത്. പിന്നാലെ യാത്രക്കാരുടെ പ്രതിഷേധം ഭയന്നു ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ കണ്‍ട്രോള്‍ റൂം പോലീസ് ലോറി ഡ്രൈവറെ കാണാത്തതിനെത്തുടര്‍ന്നു വാഹനത്തിന് എന്താണ് സംഭവിച്ചതെന്നറിയാത കുഴങ്ങി.
ഇതിനിടയില്‍ കൂട്ടത്തോടെ വാഹനങ്ങള്‍ മറികടക്കുന്നത് ഇരുചക്രവാഹനത്തില്‍ പട്രോളിങ് സംഘത്തെ നിയോഗിച്ചാണ് പോലീസ് ഒഴിവാക്കിയത്. ദേശീയപാതയിലേക്ക് കടക്കാനാകാതെ ഇടറോഡുകളിലും വാഹനങ്ങള്‍ ഗതാഗതക്കുരുക്കിലായി. ക്രെയിനുപയോഗിച്ച് 11 മണിയോടെ പാലത്തില്‍ നിന്നും മാറ്റിയ ലോറി പിന്നീട് ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പ്രശ്നങ്ങളെല്ലാം ഒതുങ്ങിയതോടെ സ്റ്റേഷനില്‍ ഹാജരായ ഡ്രൈവര്‍ കരുനാഗപ്പള്ളി തഴവ കുതിരപ്പന്തി സ്വദേശി രാധാകൃഷ്ണപിള്ളയ്ക്കെതിരെ ഗതാഗത തടസ്സം സൃഷ്ടിച്ചതിനു പോലീസ് കേസെടുത്തു. കരുനാഗപ്പള്ളി, കൊല്ലം എസിപിമാരായ ഷൈനു തോമസ്, ജിഡി വിജയകുമാര്‍, പോലീസ് ഇന്‍സ്പെക്ടര്‍മാരായ എ നിസാമുദ്ദീന്‍, യു ബിജു, എസ്ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേശീയപാതയില്‍ വിവിധ സ്ഥലങ്ങളില്‍ പോലീസിനെ നിയോഗിച്ചാണ് ഗതാഗത തടസം ഒഴിവാക്കിയത്. പ്രദേശവാസികളായ യുവാക്കളും പോലീസിനെ സഹായിക്കാന്‍ ഒപ്പം കൂടി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.