ന്യൂഡൽഹി∙ പുതിയ കറൻസി നോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രിയോട് അരവിന്ദ് കേജ്‍രിവാളിന്റെ അഭ്യർഥന.
പുതിയ കറൻസി നോട്ടുകളുടെ ഒരുഭാഗത്ത് മഹാത്മാഗാന്ധിയുടെയും മറുഭാഗത്ത് ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രം ഉൾപ്പെടുത്തുന്നത് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്നും കേജ്‍രിവാൾ പറഞ്ഞു.
‘‘ നമ്മൾ എത്ര ആത്‌മാർഥമായി പരിശ്രമിച്ചാലും ചില സമയങ്ങളിൽ ദൈവങ്ങളുടെ അനുഗ്രഹമില്ലെങ്കിൽ നമ്മുടെ പ്രയത്നങ്ങൾ ഫലമണിയുകയില്ല. നമ്മുടെ കറൻസി നോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിക്കുന്നു’’– കേജ്‍രിവാൾ പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടണമെങ്കിൽ ഈശ്വരാനുഗ്രഹം കൂടി വേണം. മുസ്‌ലിം രാജ്യമായ ഇന്തൊനീഷ്യ കറൻസി നോട്ടിൽ ഗണപതിയുടെ ചിത്രം ഉൾപ്പെടുത്തിയെങ്കിൽ ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്തിന് എന്തുകൊണ്ട് ഇത്തരം തീരുമാനങ്ങൾ സ്വീകരിച്ചു കൂടായെന്നും കേജ്‍രിവാൾ പറഞ്ഞു.
ഈ കാര്യം ആവശ്യപ്പെട്ട് വൈകാതെ തന്നെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്നും കേജ്‍രിവാൾ ഡൽഹിയിൽ പറഞ്ഞു. കറൻസിയിൽനിന്ന് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കുമെന്നും രവീന്ദ്രനാഥ് ടഗോറിന്റെയും എ.പി.ജെ. അബ്ദുൾ കലാമിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തുമെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നുവെങ്കിലും ആർബിഐയും കേന്ദ്രസർക്കാരും തള്ളിയിരുന്നു.