ഇടുക്കി നെടുങ്കണ്ടത്തു നിന്നും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയി,യുവാക്കള്‍ ഒഡിഷയില്‍ പിടിയില്‍

നെടുങ്കണ്ടം:ഇടുക്കിയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റാനും ശ്രമിച്ച കേസില്‍ രണ്ട് യുവാക്കള്‍ പിടിയിലായി.തൂക്കുപാലം മേഖലയില്‍നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ യുവാക്കള്‍ കടത്തിക്കൊണ്ടുപോയത്. നെടുങ്കണ്ടം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ കരൂരില്‍നിന്നു സന്യാസിയോട പുത്തന്‍പുരക്കല്‍ അന്‍വര്‍ ഷാജി(24)യെയും ഒഡീഷയിലെ ഖണ്ഡഗിരിയില്‍നിന്നും ചെങ്ങമനാട് പാലപ്രശേരി പാറശേരിപറമ്പില്‍ ഷംനാദ്(25) നെയുമാണ് അറസ്റ്റുചെയ്തത്. ഇവര്‍ക്കൊപ്പം പോയ പെണ്‍കുട്ടികളെയും പോലീസ് കണ്ടെത്തി നെടുങ്കണ്ടത്ത് എത്തിച്ചു. നിയമ നടപടി പൂര്‍ത്തിയാക്കി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.

ഷംനാദ് ഒഡീഷയില്‍ ബാര്‍ബര്‍ ഷോപ് തുടങ്ങാനുള്ള ഒരുക്കത്തിനിടയിലാണ് അറസ്റ്റിലായത്. 2016ല്‍ എറണാകുളത്തുനിന്നു യുവതിയെ കടത്തിയ കേസിലും ഷംനാദ് പ്രതിയാണ്. രണ്ടു തവണ വിവാഹംകഴിച്ച ഇയാള്‍ വിവാഹംചെയ്ത യുവതികളെ നിര്‍ബന്ധിച്ചു മതം മാറ്റിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടാം ഭാര്യ സമീപകാലത്തു പിണങ്ങിപ്പോയെന്നാണ് ഷംനാദ് നല്‍കിയ മൊഴി. ഈ യുവതിയെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള നടപടി പോലീസ് ആരംഭിച്ചിട്ടുണ്ട്.

15 ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ രൂപംകൊടുത്ത പ്രത്യേക സ്‌ക്വാഡ് ഇവരെ കണ്ടെത്തിയത്. നവംബര്‍ 19ന് സ്‌കൂളിലേക്കു പോയ പെണ്‍കുട്ടികളെ കാണാതാകുകയായിരുന്നു. യുവാക്കള്‍ ഒരു ലക്ഷത്തോളം രൂപ സമാഹരിച്ചാണ് പെണ്‍കുട്ടികളുമായി മുങ്ങിയത്. തൂക്കുപാലത്തുനിന്നു കാണാതായ പെണ്‍കുട്ടി അമ്മയെ കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചിരുന്നു. ഈ ഫോണ്‍ കോളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News