ആലപ്പുഴ: നെടുമുടി വേണു എന്ന നടനെ മലയാളത്തിനു സമ്മാനിച്ചത് യാദൃശ്ചികമായ ഒരു പരിചയപ്പെടല്‍. അതു നെടുമുടിക്കാരന്‍ വേണുവിനു മാത്രമല്ല മലയാള സിനിമയ്ക്കു തന്നെ അമൂല്യ നിമിഷമായി മാറി. നെടുമുടി വേണു നാടകാചാര്യന് കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വഴിത്തിരിവായി മാറിയത്.
വേണുവിന്റെ അഭിനയ ചാരുത ഇഷ്ടപ്പെട്ട കാവാലം അദ്ദേഹത്തിന്റെ തന്റെ നാടക യാത്രകള്‍ക്കൊപ്പം കൂട്ടുകയായിരുന്നു. എനിക്കു ശേഷം എന്ന നാടകത്തിലാണ് കാവാലത്തിനൊപ്പം നെടുമുടി ആദ്യമായി ചേര്‍ന്നത്. വൈകാതെ നാടകത്തിലെ പ്രധാന നടനായി വളര്‍ന്ന വേണു ദൈവത്താര്‍, അവനവന് കടമ്പ തുടങ്ങിയ സമൂഹ ശ്രദ്ധ നേടിയ നിരവധി നാടകങ്ങളില്‍ പ്രധാന കഥാപാത്രമായി മാറി.
ഇടക്കാലത്തു ജീവിക്കാനായി പാരലല്‍ കോളജ് അധ്യാപകന്റെയും മാധ്യമപ്രവര്‍ത്തകന്റെയും വേഷം കെട്ടി. ഒടുവില്‍ കാത്തുകാത്തിരുന്ന വേഷം അദ്ദേഹത്തെ തേടിയെത്തി. അര്‍ഹതയ്ക്കുള്ള അംഗീകാരം എന്നതുപോലെ. അരവിന്ദന്റെ തന്പ് എന്ന സിനിമയിലൂടെ അരങ്ങേറ്റം. പിന്നെ മലയാള സിനിമ കണ്ടതു നെടുമുടി വേണുവിന്റെ നിറഞ്ഞാട്ടമായിരുന്നു.
വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളുമായി വേണു മലയാള സിനിമയില്‍ പിന്നീടുള്ള കാലം മുഴുവന്‍ നിറഞ്ഞുനിന്നു. ഗൗരവവും തമാശയുമെല്ലാം അദ്ദേഹത്തിന് വളരെ എളുപ്പത്തില്‍ വഴങ്ങി. സംഗീത പ്രാധാന്യമുള്ള രംഗങ്ങളില്‍ തന്റേതായ ഒരു അഭിനയ ശൈലി തന്നെ അദ്ദേഹം വളര്‍ത്തിയെടുത്തു. അതുകൊണ്ടു തന്നെ ക്ലാസിക്കല്‍ സംഗീതത്തിനു പ്രധാന്യമുള്ള മിക്ക സിനിമകളിലും അദ്ദേഹം ഒരു നിര്‍ണായക കഥാപാത്രമായി മാറി.
ഇന്ത്യന്‍, സര്‍വം താളമയം, അന്യന് തുടങ്ങി ഏഴ് തമിഴ് സിനിമകളില്‍ അഭിനയിച്ചു. പൂരം എന്ന സിനിമ സംവിധാനം ചെയ്തു. കാറ്റത്തെ കിളിക്കൂട്, തീര്‍ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കടംകഥപോലെ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കഥയുമെഴുതി. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1990-മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് ആണ് അതില്‍ പ്രധാനം. 2003ല്‍ ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം, 1987ലും 2003ലും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നേടി. മാര്‍ഗത്തിലെ അഭിനയത്തിനു ക്യൂബയിലെ ഹവാനയില്‍ നടന്ന അന്തര്‍ ദേശീയ ചലച്ചിത്ര മേളയില്‍ പുരസ്കാരം ലഭിച്ചു.
സംഗീത പ്രാധാന്യമുള്ള ഹിസ്ഹൈനസ് അബ്ദുള്ളയിലെ അഭിനയത്തിനാണ് സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. വിടപറയും മുമ്പെയും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും മാര്‍ഗവും മികച്ച നടനുളള സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കി. ആണും പെണ്ണുമാണ് ഒടുവില്‍ പുറത്തു വന്ന ചിത്രം. പ്രിയദര്ശന് സംവിധാനം ചെയ്ത ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’മാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
തമ്പ്, ആരവം, തകര, ചെറിയാച്ഛന്റെ ക്രൂരതകള്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, ഹിസ്ഹൈനസ് അബ്ദുള്ള, ഭരതം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചാമരം, താരാട്ട്, ആലോലം, യവനിക, അപ്പുണ്ണി, വേനല്‍, തേനും വയമ്പും, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, നാരദന് കേരളത്തില്‍, സുഖമോ ദേവി, പഞ്ചാഗ്നി, താളവട്ടം, ചിത്രം, ചെപ്പ്, പാളങ്ങള്‍, കാട്ടിലെ പാട്ട്, ഓടരുതമ്മാവാ ആളറിയാം, പൂച്ചക്കൊരു മൂക്കുത്തി, പഞ്ചവടി പാലം, ആരണ്യകം, വൈശാലി, വന്ദനം, തേന്മാവിന് കൊമ്പത്ത്, അക്കരെ അക്കരെ, ക്ഷണക്കത്ത്, ലാല്‍സലാം, സവിധം, മണിച്ചിത്രത്താഴ്, പെരുന്തച്ഛന്, ദേവരാഗം, കാലാപാനി, ഹരികൃഷ്ണന്‍സ്, നോര്‍ത്ത് 24 കാതം, പാവാട, ജോസഫ്, മധുരരാജ, യുവം.
ആലപ്പുഴ നെടുമുടിയില്‍ അധ്യാപക ദമ്പതികളായ പി .കെ. കേശവപിള്ളയുടെയും പി. കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22നാണ് ജനനം. കൊട്ടാരം എന്‍എസ് യുപി സ്കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്കൂള്‍, ആലപ്പുഴ എസ്ഡി കോളേജ്, എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കുട്ടിക്കാലം മുതല്‍ മൃദംഗം, ഘടം എന്നിവ പരിശീലിച്ചു. ആലപ്പുഴ എസ്ഡി കോളജില്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ സഹപാഠിയായ ഫാസില്‍ എഴുതിയ നാടകങ്ങളിലൂടെ നാടകരംഗത്തു സജീവമായി.