രാപ്പകല്‍ തല്ലിച്ചതച്ചു, പിടിച്ചു നിന്ന ഗ്രില്‍ വളഞ്ഞുപോയി, അന്ന് രാത്രി രാജ്കുമാറിന്റെ കരച്ചില്‍ കേട്ടു; നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനെതിരെ വീണ്ടും കസ്റ്റഡി മര്‍ദ്ദന ആരോപണം
ഇടുക്കി: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനെതിരെ വീണ്ടും കസ്റ്റഡി മര്‍ദന ആരോപണം. കുടുംബവഴക്കിനെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മുണ്ടിയെരുമ സ്വദേശി ഹക്കീമാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുന്നത്.
രാജ്കുമാര്‍ കസ്റ്റഡിയിലുണ്ടായിരുന്ന ദിവസമാണ് ഹക്കീമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
മെയ് 14ന് കസ്റ്റഡിയിലെടുത്ത തന്നെ അന്ന് രാത്രി മുഴുവന്‍ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നെന്ന് ഹക്കീം പറഞ്ഞു. ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ എടുത്ത ശേഷമായിരുന്നു മര്‍ദ്ദനം. ഉമ്മയുടെ മുന്നിലിട്ടും മര്‍ദ്ദിച്ചു. ഉമ്മ നിലവിളിച്ചതിനെ തുടര്‍ന്നാണ് നിര്‍ത്തിയത്. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് പിടിച്ചുനിന്ന സെല്ലിന്റെ ഗ്രില്‍ വളഞ്ഞുപോയെന്നും ഗ്രില്‍ നിവര്‍ത്തിത്തന്നില്ലെങ്കില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി വേറെ കേസെടുക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയായി ഹക്കീം പറഞ്ഞു.
കസ്റ്റഡിയിലെടുത്ത ദിവസം സ്റ്റേഷനിലെ തൊട്ടടുത്ത മുറിയില്‍ നിന്ന് വലിയ നിലവിളി കേട്ടിരുന്നെന്ന് ഹക്കീം പറഞ്ഞു. തന്നെ സെല്ലില്‍ പൂട്ടിയിരുന്നതിനാല്‍ ആരാണെന്ന് കാണാനായില്ല. എന്നാല്‍ ഹരിത ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുന്നത് കേട്ടിരുന്നു. രാജ്കുമാറിനെ മര്‍ദിച്ച പൊലീസുകാര്‍ തന്നെയാവാം തന്നെയും മര്‍ദ്ദിച്ചതെന്നും ഹക്കീം പറഞ്ഞു. അറസ്റ്റിലായ ഹക്കീമിന് 16 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. മാര്‍ച്ച് 12 മുതല്‍ 15 വരെയാണ് രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ അനധികൃത കസ്റ്റഡിയില്‍ വച്ചിരുന്നത്.