KeralaNews

ഒരു പന്തിയില്‍ രണ്ടു വിളമ്പ് വേണ്ട, ക്രിസ്ത്യാനികൾക്കും ഇളവു നൽകണമെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവര്‍ നൂറ്റാണ്ടുകളായി നടത്തിവരുന്ന പുതുവര്‍ഷാരംഭ പാതിരാ പ്രാര്‍ത്ഥന പിണറായി സര്‍ക്കാരിന്റെ പിടിവാശിമൂലം ഉപേക്ഷിക്കേണ്ടി വരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ഒരു വിഭാഗത്തോടു കാട്ടുന്ന ഈ വിവേചനം വിവേകരഹിതമാണ്. രാത്രി കാലത്തു നടത്തുന്ന ചില തീര്‍ത്ഥാടനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവു നൽകിയിട്ടുണ്ട്. അതേ ആനുകൂല്യമാണ് ക്രൈസ്തവര്‍ക്കും നൽകേണ്ടത് എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

ഒരു പന്തിയില്‍ രണ്ടു വിളമ്പിനു പകരം സര്‍ക്കാര്‍ എല്ലാവരെയും സമഭാവനയോടെയാണു കാണേണ്ടതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. രാത്രി പത്തുമണിക്കുശേഷമുള്ള യാത്രക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം മൂലമാണ് ക്രൈസ്തവര്‍ക്ക് ഈ ദുരവസ്ഥ ഉണ്ടായത്. രാത്രി പത്തുമണിക്കു ശേഷമാണ് മിക്ക ദേവാലയങ്ങളിലും പുതുവര്‍ഷാരംഭ പ്രാര്‍ത്ഥന നടത്തുന്നത്. ചിലയിടങ്ങളില്‍ പാതിരാത്രിയിലാണ് പ്രാര്‍ത്ഥന നടത്തുന്നത്.  

ക്രൈസ്തവര്‍ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കുന്ന പ്രധാനപ്പെട്ട ചടങ്ങാണിത്. പിണറായി സര്‍ക്കാരിന്റെ കടുംപിടിത്തം മൂലം അത് ഇല്ലാതാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഇന്ന് മുതൽ ജനുവരി രണ്ട് വരെയാണ് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.  ദേവാലയങ്ങളടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു കൂടിച്ചേരലും പാടില്ലെന്നാണ് സർക്കാരിന്റെ അറിയിപ്പ്. രാത്രി പത്ത് മുതൽ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിർദ്ദേശം.

ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. രാത്രി നിയന്ത്രണത്തിൽ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോൾ ആരാധനാലയങ്ങളുടെ കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ആരാധനാലയങ്ങളിൽ പുതുവത്സര പ്രാർത്ഥനകളും ചടങ്ങുകളും നടക്കുമോ എന്ന് പല കോണിൽ നിന്നും സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ വ്യക്തത വരുത്തിയത്. മത-സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക കൂടിച്ചേരലുകൾക്കെല്ലാം നിയന്ത്രണം ബാധകമാണ്. ഹോട്ടലുകൾ റസ്റ്റോറൻറുകൾ ബാറുകൾ ക്ലബുകൾ അടക്കമുള്ളവയ്ക്കും നിയന്ത്രണമുണ്ട്.

തിയേറ്ററുകളിലെ സെക്കന്റ് ഷോയ്ക്കും വിലക്കുണ്ട്. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് നിർദ്ദേശം. ഇത്തരത്തിൽ പുറത്തിറങ്ങുന്നവർ  സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം. ന്യൂ ഇയർ ആഘോങ്ങളൊന്നും പത്ത് മണിക്ക്  ശേഷം പാടില്ലെന്നുമാണ് നിർദ്ദേശം. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും രാത്രികാല നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക. എന്നാൽ, രാത്രികാല നിയന്ത്രണത്തിൽ നിന്ന് ശബരിമല, ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker