KeralaNews

‘ഇനിയൊരിക്കലും എൻഡിഎ വിടില്ല’; മോദിക്ക് ഉറപ്പ് നൽകി നിതീഷ് കുമാർ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ബിഹാർ‌ മുഖ്യമന്ത്രി നിതീഷ് കുമാർ. ഇൻഡ്യ മുന്നണിയിൽ നിന്ന് എൻഡിഎയിലേക്ക് കൂടുമാറിയ ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഇനി എൻഡിഎ മുന്നണി വിടില്ലെന്ന് പ്രധാനമന്ത്രിയെ കണ്ട് നിതീഷ് കുമാർ ഉറപ്പ് നൽകിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരുമായും നിതീഷ് കുമാർ‌ ചർച്ച നടത്തി. ബിഹാറുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്നങ്ങൾ, ഭരണപരമായകാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഫെബ്രുവരി 12 ന് നിതീഷ് കുമാർ സർക്കാർ അവിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെയാണ് കൂടിക്കാഴ്ച.

1995ൽ ബിജെപിയുമായി ജെഡിയു സഖ്യത്തിലായത് അനുസ്മരിച്ച നിതീഷ് കുമാർ 2013ലും ഏറ്റവും ഒടുവിൽ 2022ലും രണ്ട് വട്ടം ജെഡിഎസ് ബിജെപി ബാന്ധവം അവസാനിപ്പിച്ചതും ചൂണ്ടിക്കാണിച്ചു. കൂടിക്കാഴ്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് തവണ താൻ മുന്നണി വിട്ടെങ്കിലും ഇനിയൊരിക്കൽ കൂടി അത് സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇനി എൻഡിഎയിൽ തുടരും – നിതീഷ് കുമാർ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പാണ് എട്ട് മന്ത്രിമാരും നിതീഷ് കുമാറും അടക്കമുള്ള എൻഡിഎ മന്ത്രിസഭ ബിഹാറിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയിൽ നിന്നും ജെഡിയുവിൽ നിന്നുമുള്ളവർ തുല്യമായാണ് മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇനി മന്ത്രിസഭ വിപുലീകരിക്കുക എന്നത് നിതീഷിന് മുന്നിലെ വെല്ലുവിളിയാണ്.

ബിഹാറിലെ മഹാസഖ്യത്തിൽ നിന്ന് പിന്മാറി, മന്ത്രിസഭ പിരിച്ചുവിട്ടാണ് നിതീഷ് കുമാർ എൻഡിഎയ്ക്കൊപ്പം ചേ‍ർന്നത്. രാജിവച്ച നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലെത്തുകയായിരുന്നു. ഇനി ലോക്സഭാ തിരഞ്ഞെടുപ്പാണ് മുന്നണിക്ക് മുന്നിലുള്ളത്. ഇരു പാ‍ർട്ടികൾക്കും സീറ്റുകൾ വിഭജിക്കുക മുന്നണിയിലെ പ്രധാന വെല്ലുവിളിയാണ്. നിലവിൽ മുൻ മു​ഖ്യമന്ത്രി ജിതൻ റാം മാഞ്ജിയും മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വയും എന്‍ഡിഎയ്‌ക്കൊപ്പമാണ്‌.

ബിഹാ‍ർ നിയമസഭാ തിര‍ഞ്ഞെടുപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തണമെന്ന ആശയം നിതീഷ് കുമാറിനുണ്ട്. എന്നാൽ മുന്നണിയിൽ ജെഡിയുവിനേക്കാൾ ശക്തരായ ബിജെപി ഈ താത്പര്യം പരി​ഗണിക്കാൻ സാധ്യതയില്ല. സീറ്റ് വിഭജനത്തെ കുറിച്ചുള്ള ചോദ്യത്തോട് ബിജെപി നേതാക്കൾക്ക് അക്കാര്യത്തിൽ ധാരണയുണ്ടെന്നായിരുന്നു നിതീഷിന്റെ മറുപടി. ബിഹാറിലെ ആറ് രാജ്യസഭാ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇതിലേക്കായി ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ് നടക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button