KeralaNews

ജനാധിപത്യ പ്രക്രിയകളോടുള്ള അവഗണന’പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിച്ചതില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് എന്‍ഡിഎ

ന്യൂഡല്‍ഹി:മെയ് 28ന് നടക്കാനിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനത്തെ അപലപിച്ച് എന്‍ഡിഎ. ‘ഈ പ്രവൃത്തി കേവലം അനാദരവല്ല, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ ധാര്‍മികതയ്ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും നേരെയുള്ള അവഹേളനമാണിത്’ എന്‍ഡിഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്ററി നടപടികളോട് വേണ്ടത്ര പരിഗണന കാണിച്ചിരുന്നില്ലെന്ന് ബിജെപി നേതൃത്വത്തിലുള്ള രാഷ്ട്രീയ സഖ്യം ആരോപിച്ചു. ഇത് ഈ സ്ഥാപനത്തോടുള്ള അനാദരവ് മാത്രമല്ല, ജനാധിപത്യത്തിന്റെ സത്തയോടുള്ള അവഹേളനവുമാണ്. ഖേദകരമെന്ന് പറയട്ടെ അവര്‍ നടത്തുന്ന ആദ്യ നിന്ദയല്ലിതെന്നും എന്‍ഡിഎ കുറ്റപ്പെടുത്തി. 

സമ്മേളനങ്ങള്‍ തടസപ്പെടുത്തി, നിര്‍ണായക നിയമനിര്‍മ്മാണത്തിനിടെ ഇറങ്ങിപ്പോയി, പാര്‍ലമെന്ററി ചുമതലകളോട് അനാസ്ഥ, എന്നിങ്ങനെ കഴിഞ്ഞ ഒമ്പത് വര്‍ഷമായി പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ക്ക് അവശ്യമായ പിന്തുണ നല്‍കിയിരുന്നില്ല. ഈ സമീപകാല ബഹിഷ്‌കരണം ജനാധിപത്യ പ്രക്രിയകളോടുള്ള അവഗണനയുടെ മറ്റൊരു ഉദാഹരണം മാത്രമാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

അവരുടെ കാപട്യത്തിന് അതിരുകളില്ല – അന്നത്തെ രാഷ്ട്രപതി ശ്രീ പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ നടന്ന പ്രത്യേക ജിഎസ്ടി സെഷന്‍ അവര്‍ ബഹിഷ്‌കരിച്ചു, അദ്ദേഹത്തിന് ഭാരതരത്ന ലഭിച്ചപ്പോള്‍ ആ ചടങ്ങ് ഒഴിവാക്കി. കൂടാതെ ശ്രീ രാംനാഥ് കോവിന്ദ് ജിയെ പ്രസിഡന്റായി തിരഞ്ഞെടുത്തപ്പോള്‍ വൈകിയാണ് അഭിനന്ദനം അറിയിച്ചതെന്നും അവര്‍ പറഞ്ഞു.

കോൺഗ്രസ്, ആം ആദ്മി പാർട്ടി (എഎപി), ശിവസേന (യുബിടി), തൃണമൂൽ കോൺഗ്രസ് (ടിഎംസി), ജനതാദൾ (യുണൈറ്റഡ്) എന്നിവയുൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികൾ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു. സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രതിപക്ഷ പാർട്ടികൾ നിലപാട് വ്യക്തമാക്കിയത്. മെയ് 28നാണ് ഉദ്ഘാടനം.

ഉദ്ഘാടനം ബഹിഷ്‌കരിക്കുന്ന 19 പാർട്ടികൾ

1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2. ദ്രാവിഡ മുന്നേറ്റ കഴകം
3. ആം ആദ്മി പാർട്ടി
4. ശിവസേന (യുബിടി)
5. സമാജ്‌വാദി പാർട്ടി
6. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
7. ജാർഖണ്ഡ് മുക്തി മോർച്ച
8. കേരള കോൺഗ്രസ് (മാണി)
9. വിടുതലൈ ചിരുതൈഗൽ കച്ചി
10 രാഷ്ട്രീയ ലോക്ദൾ
11. തൃണമൂൽ കോൺഗ്രസ്
12. ജനതാദൾ (യുണൈറ്റഡ്)
13. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി
14. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
15. രാഷ്ട്രീയ ജനതാദൾ
16. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്
17. നാഷണൽ കോൺഫറൻസ്
18. റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി
19 മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button