കോഴിക്കോട്: മന്ത്രി എ.കെ ശശീന്ദ്രന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് എന്‍.സി.പിയില്‍ രാജി. എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതി അംഗം പി. എസ് പ്രകാശനാണ് രാജിവച്ചത്. മാണി. സി. കാപ്പനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രകാശന്‍ അറിയിച്ചു.
മന്ത്രി എ. കെ ശശീന്ദ്രന് എലത്തൂരില്‍ വീണ്ടും സീറ്റ് നല്‍കിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് പാവങ്ങാടും എലത്തൂരിലും എ. കെ. ശശീന്ദ്രനെതിരെ പോസ്റ്ററുകളും ഫ്‌ളക്‌സുകളും ഉയര്‍ന്നിരുന്നു. ശശീന്ദ്രനെ മത്സരിപ്പിക്കരുതെന്ന് പോസ്റ്ററില്‍ ആവശ്യപ്പെട്ടിരുന്നു.
മണ്ഡലത്തില്‍ പുതുമുഖത്തിന് സീറ്റ് നല്‍കി മത്സരിപ്പിക്കണം. ഫോണ്‍ വിളി വിവാദം മറക്കരുതെന്നും പോസ്റ്ററിലുണ്ടായിരുന്നു. സേവ് എന്‍സിപി എന്ന പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചത്. എകെ ശശീന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറണമെന്നാണ് പോസ്റ്ററിലെ ആവശ്യം. എലത്തൂരില്‍ പുതുമുഖം മത്സരിക്കണമെന്നും ജനഹിതം പരിശോധിക്കണമെന്നും ആണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
‘എല്‍ഡിഎഫ് വരണം. അതിന് എ കെ ശശീന്ദ്രന്‍ മാറണം’ എന്നാണ് പോസ്റ്ററിലെ തലവാചകം. കറ പുരളാത്ത ഒരു വ്യക്തിയായിരിക്കണം മത്സരിക്കേണ്ടതെന്നും പോസ്റ്ററില്‍.
അതേസമയം സിപിഎമ്മില്‍ സീറ്റുകളെ ചൊല്ലി പോസ്റ്റര്‍ യുദ്ധം രൂക്ഷമാകുകയാണ്. കളമശേരിയില്‍ ചന്ദ്രന്‍പിള്ളയെ മത്സരിപ്പിക്കണമെന്ന് പോസ്റ്റര്‍ പതിച്ചു. ചന്ദ്രന്‍ പിള്ളയെ മാറ്റല്ലേ ചന്ദ്രന്‍പിള്ളയും തടയില്ല എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. കളമശേരിയിലെ സ്ഥാനാര്‍ത്ഥി പി രാജീവിനെ മാറ്റണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആലുവ നിയോജക മണ്ഡലത്തില്‍ ഷില്‍ന നിഷാദിനെ സ്ഥാനാര്‍ത്ഥി ആക്കിയെങ്കിലും എതിര്‍പ്പ് ഉയരുകയാണ്. ജില്ലാ കമ്മിറ്റിയിലെ നാലു വനിത നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. പാര്‍ട്ടിയില്‍ വനിതാ സഖാക്കള്‍ ഉണ്ടായിരുന്നിട്ടും പാര്‍ട്ടിയുമായി പുലബന്ധം പോലുമില്ലാത്ത സ്ത്രീയെ മത്സരത്തില്‍ ഇറക്കി എന്നാണ് പരാതി.
ഇതിനിടെ സിറ്റിംഗ് സീറ്റായ റാന്നി മണ്ഡലം കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ സിപിഐഎം പ്രാദേശിക നേതൃത്വത്തിലും എതിര്‍പ്പ് ഉണ്ട്. മണ്ഡലം കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളും തീരുമാനത്തെ എതിര്‍ത്തു. എതിര്‍പ്പു പ്രകടിപ്പിച്ചവരെ അനുനയിപ്പിക്കാനായി ഓരോ ലോക്കല്‍ കമ്മറ്റി കളിലും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ പങ്കെടുത്ത് കാര്യങ്ങള്‍ ധരിപ്പിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് ലോക്കല്‍ കമ്മിറ്റികള്‍ വീതിച്ചു നല്‍കി.