തിരുവനന്തപുരം: ബാബരി മസ്ജിദും അയോദ്ധ്യ വിഷയവും ഉൾപ്പെടുന്ന പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ എൻ സി ഇ ആർ ടി നടപടി കേരളം അംഗീകരിക്കുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഏതെങ്കിലും പ്രസ്ഥാനത്തിന്റെ സങ്കുചിത പ്രത്യയ ശാസ്ത്ര നിലപാടുകളോ ആശയ പ്രചാരണങ്ങളോ അല്ല പാഠപുസ്തകങ്ങൾ ഉൾക്കൊള്ളേണ്ടത്. യഥാർത്ഥ ചരിത്രവും ശാസ്ത്രവും ഒക്കെയാണ് പഠിപ്പിക്കേണ്ടത്. കേരളം ഉയർത്തിപ്പിടിക്കുന്ന നിലപാടും മുന്നോട്ട് കൊണ്ടു പോകുന്ന നടപടിയും ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ നിന്നും ചില ഭാഗങ്ങൾ ബോധപൂർവം ഒഴിവാക്കിയത് രാജ്യത്ത് ആകമാനം വലിയ രീതിയിലുള്ള ചർച്ചകള്‍ക്കാണ് വഴി വെച്ചത്. ഇത്തരം മാറ്റങ്ങള്‍ രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളേയും മതനിരപേക്ഷ സ്വഭാവത്തേയും അട്ടമറിക്കുന്നതാണെന്ന ആശങ്ക പല കോണുകളില്‍ നിന്നും ഉയർന്ന് കഴിഞ്ഞു. എസ് സി ഇ ആർ ടി വിദ്യാഭ്യാ വിദഗ്ധർ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ എന്നിവർ അടങ്ങുന്ന ഒരു സമിതിയെ ഉപയോഗിച്ച് എന്‍ സി ഇ ആർ ടി പാഠപുസ്തകങ്ങളിലെ മാറ്റങ്ങളെ വിശദമായി വിലയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കുട്ടികള്‍ പഠിക്കുന്ന പാഠപുസ്തകങ്ങളില്‍ മതനിരപേക്ഷത, ജനാധിപത്യം, സാമൂഹിക നീതി തുടങ്ങിയ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ഈ പരിശോധനയില്‍ വ്യക്തമായി. എൻ സി ഇ ആർ ടി ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് കേരളം സമാന്തര പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം, മതനിരപേക്ഷ സമീപനം, പുരോഗമന ചിന്താഗതി എന്നിവയ്ക്ക് അനുസൃതമായിട്ടാണ് ഇങ്ങനെ ചെയ്തത്.
സാമൂഹിക-സാംസ്കാരിക സവിശേഷതകളെ ഉൾക്കൊള്ളുന്നതും ഭരണഘടനാ മൂല്യങ്ങളോട് കൂറുപുലർത്തുന്നതുമാണ് കേരളം തയ്യാറാക്കിയ പാഠപുസ്തകം. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട ഭാഗങ്ങൾ സപ്ലിമെന്ററി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണോ ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന പുതിയ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണോ എന്ന് കരിക്കുലം കമ്മിറ്റി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയ താൽപര്യത്തോടെ ചരിത്ര പാഠഭാഗങ്ങൾ ഒഴിവാക്കുന്നതും വളച്ചൊടിക്കുന്നതും കേരളം അംഗീകരിക്കില്ല. ചരിത്ര വസ്തുതകൾ കുട്ടികളെ പഠിപ്പിക്കണമെന്ന നിലപാടാണ് കേരളത്തിനുള്ളത്. അത് തുടരുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങളിൽ നിന്ന് ഗുജറാത്ത് കലാപവും മുഗൾ ചരിത്രവും അടക്കം എൻ സി ഇ ആർ ടി ഒഴിവാക്കിയപ്പോള്‍ കേരളം ഇത് ഉള്‍പ്പെടുത്തി സപ്ലിമെന്ററി പാഠപുസ്തകങ്ങള്‍ ഇറക്കിയിരുന്നു.
അതേസമയം, എൻ സി ഇ ആർടി പാഠപുസ്തത്തിൽ നിന്നും ബാബറി മസ്ജിദ് ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി എസ് എഫ് ഐ അഖിലേന്ത്യ കമ്മിറ്റി രംഗത്ത് വന്നു. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ബിജെപി നീക്കത്തെ ചെറുത്ത് തോൽപ്പിക്കുമെന്നും സിലബസുകളെ കാവിവത്കരിക്കുന്ന നീക്കം തടയണമെന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു. എൻസിഇആർടി പാഠപുസ്തകം പുനപരിശോധിക്കണമെന്നും, രാജ്യത്തിന്റെ യഥാർത്ഥ ചരിത്രത്തെ വളച്ചൊടിക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു.