ബെംഗളൂരു: മയക്കുമരുന്ന് പണമിടപാട് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി ആറാം പ്രതി. ചോദ്യംചെയ്യലിന് ശേഷം ഇഡി കസ്റ്റഡി അപേക്ഷ നല്‍കും. അതേസമയം മയക്കുമരുന്ന് കേസില്‍ ബിനീഷിനെതിരെ എന്‍സിബിയും കേസെടുക്കും. ലഹരി ഇടപാടിലെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. നാളെ എൻസിബി ഉദ്യോഗസ്ഥർ എൻഫോഴ്സ്മെന്റ് ആസ്ഥാനത്തെത്തി വിവരങ്ങൾ ഔദ്യോഗികമായി വാങ്ങും. മൂന്നരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്‍തത്.
ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് എൻഫോഴ്സമെന്റിന് നൽകിയ മൊഴിയാണ് ബിനീഷിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലിൽ വച്ച് നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. 50 ലക്ഷത്തിൽ അധികം രൂപ അനൂപ് സമാഹരിച്ചെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. ഇങ്ങനെ പണം നൽകിയവരിൽ നിരവധി മലയാളികളുമുണ്ട്. ബിനാമി ഇടപാടുകളും അന്വേഷണ ഏജൻസി സംശയിക്കുന്നു.