KeralaNewsPolitics

വെള്ളപ്പൊക്ക കാലത്ത് ആയിരം വീടുകള്‍ വച്ചു കൊടുത്ത് മാതൃക കാട്ടിയ കെ പി സി. സി യുടെ പിന്മുറക്കാരല്ലേ നിങ്ങള്‍.????നിങ്ങള്‍ പറഞ്ഞത് ചെയ്യുമെന്ന് എനിക്കുറപ്പുണ്ട് ശബരിനാഥന്‍ എം.എല്‍.എയ്ക്ക് മറുപടിയുമായി ബൈന്യാമിന്‍

കൊച്ചി: സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് യാത്രാക്കൂലി നല്‍കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് ചെക്ക് കൈമാറാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ വന്‍വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇത്തരത്തില്‍ വിമര്‍ശനങ്ങളുന്നയിച്ചവരില്‍ പ്രമുഖരുമുണ്ടായിരിന്നു. ഇതിന് പിന്നാലെയാണ് വിദേശത്തു നിന്നും മടങ്ങിയെത്തുന്ന 100 പ്രവാസികള്‍ക്ക് കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും ചേര്‍ന്ന് വിമാനടിക്കറ്റുകള്‍ നല്‍കിയത്.പിന്നാലെ എഴുത്തുകാരന്‍ ബെന്യാമിനെ ചലഞ്ചുചെയ്തുകൊണ്ട് കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ ഫേസ് ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു.ഇതിനു മറുപടിയായാണ് ശബരിനാഥനെ പരിഹസിച്ചുകൊണ്ട് ബന്യാമിന്‍ മറുപടിയിട്ടത്.

പോസ്റ്റിന്റെ പൂര്‍ണരൂപമിതാണ്…..

പ്രിയപ്പെട്ട ശ്രീ ശബരീനാഥന്‍,

താങ്കള്‍ ഇന്നലെ ഫേസ്ബുക്കിലൂടെ എന്നോടു നടത്തിയ അഭ്യര്‍ത്ഥന ഞാന്‍ ഇത്തിരി വൈകി ഇപ്പോഴാണ് കണ്ടത്.

നൂറു പ്രവാസികളെ നാട്ടില്‍ എത്തിക്കാനുള്ള നല്ല ഉദ്യമത്തിനു ആദ്യമേ എല്ലാ ആശംസകളും. എന്നാല്‍ 100 എന്നത് ഒരു ചെറിയ സംഖ്യയല്ലേ ശബരി. നിങ്ങളുടെ സംഘടനാബലവും മഹത്തായ പ്രവര്‍ത്തനപാരമ്പര്യവും വാചകമടിയിലുള്ള പ്രാവീണ്യവും കണക്കാക്കിയാല്‍ ഏറ്റവും കുറഞ്ഞത് ഒരു പതിനായിരം ആടുജീവിതങ്ങളെയെങ്കിലും നിഷ്പ്രയാസം നാട്ടിലെത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയും എന്നെനിക്കുറപ്പുണ്ട്. കാരണം ദുരിതാശ്വാസ നിധിയില്‍ വിശ്വാസമില്ലാതെ കോടതിയിലേക്കോടിയ സര്‍വ്വീസ് സംഘടനകളും ഉത്തരവ് കത്തിച്ച അധ്യാപകരും ഇന്നലത്തെ പോസ്റ്റു താഴെ വന്ന് ‘സബാഷ് ശബരി’ പറഞ്ഞ താങ്കളുടെ സ്വന്തം അണികളും നിങ്ങളിലുള്ള കടുത്ത വിശ്വാസം രേഖപ്പെടുത്തി സംഭാവന നല്‍കാന്‍ ക്യൂ നില്‍ക്കുക ആയിരിക്കുമല്ലോ. അവര്‍ ഏല്പിച്ച സംഭാവനയുടെ വിവരങ്ങള്‍ സുതാര്യതയുടെ പര്യായമായ നിങ്ങള്‍ ഫേസ്ബുക്ക് ലൈവിലോ പത്രസമ്മേളനത്തിലോ ദിവസവും പറയണം. അത് കേള്‍ക്കാന്‍ ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കും. ആ സംഘടനാപ്രവര്‍ത്തകരുടെ മഹാമനസ്‌കതയും മനുഷ്യസ്‌നേഹവും കണ്ട് എനിക്ക് കണ്ണീരണിയണം.

അങ്ങനെ വിശ്വസ്തരായ എം.എല്‍.എ മാരുടെ അഭ്യര്‍ത്ഥന മാനിച്ചും ‘സര്‍വ്വോപരി കള്ളനും തെമ്മാടിയും ദുഷ്ടനുമായ കേരള മുഖ്യമന്ത്രിയെ’ എന്തുവിലകൊടുത്തും തോല്‍പ്പിക്കുന്നതിനായിട്ടും സംഭാവനകള്‍ കൂമ്പാരമാകാന്‍ പോകുന്ന ആ മഹത്തായ വേളയില്‍ കഴിഞ്ഞ ഏഴെട്ട് വര്‍ഷങ്ങളായി മറ്റ് ജോലിയും കൂലിയും ഒന്നുമില്ലാതെ ജീവിക്കുന്ന ഒരു സാദാ എഴുത്തുകാരന്റെ നക്കപ്പിച്ചാ സംഭാവനയൊന്നും നിങ്ങള്‍ക്ക് ആവശ്യമില്ല എന്ന് എനിക്കറിയാം.

(അതോ ഫേസ്ബുക്കില്‍ ലൈക്കും സബാഷും മാത്രമേ ഉള്ളോ.? അവര്‍ക്ക് നിങ്ങളെയും വിശ്വാസമില്ലേ? ഈ ചലഞ്ചിനുശേഷവും നിങ്ങളുടെ ‘നമ്പര്‍’ നൂറില്‍ തന്നെ നില്‍ക്കുകയാണെങ്കില്‍ സ്വന്തം അണികള്‍ക്ക് പോലും കാല്‍ പണം നിങ്ങളെ ഏല്പിക്കാന്‍ വിശ്വാസമില്ല എന്ന് എനിക്ക് ന്യായമായും ഊഹിക്കാമല്ലോ. അല്ലേ?)

ഇനി അഥവാ യഥാര്‍ത്ഥമായും നിങ്ങള്‍ക്ക് എന്നില്‍ നിന്ന് ഒരു സാമ്പത്തിക പിന്തുണയോ സഹകരണമോ ആയിരുന്നു ആവശ്യമെങ്കില്‍ നിങ്ങളത് ലോകത്തിനോട് വിളിച്ചു പറഞ്ഞല്ല ചോദിക്കുമായിരുന്നത്, ഫോണെടുത്ത് നേരിട്ട് വിളിക്കുകയായിരുന്നു ചെയ്യുന്നത് (മറ്റാരോടും ഫേസ് ബുക്കിലൂടെ നിങ്ങള്‍ ധനാഭ്യര്‍ത്ഥന നടത്തിയതായി കണ്ടില്ല.) അങ്ങനെ വിളിക്കാനുള്ള സ്വാതന്ത്ര്യം നമുക്കിടയിലുണ്ട് എന്ന് ഇതിനുമുന്‍പ് പല ആവശ്യങ്ങള്‍ക്കും എന്നെ ഇങ്ങോട്ട് വിളിച്ചിട്ടുള്ളതിലൂടെ, എന്നെ / ഇങ്ങോട്ട് / വിളിച്ചിട്ടുള്ളതിലൂടെ/ താങ്കള്‍ക്കുറപ്പുള്ളതാണല്ലോ

അപ്പോള്‍ പിന്നെ താങ്കളുടെ ഉദ്ദേശ്യം സഹായമോ പിന്തുണയോ ഒന്നുമല്ല, ആടുജീവിതത്തിനു സമാനമായ ജീവിതം നയിക്കുന്ന പാവം പ്രവാസികളുടെ ചിലവില്‍ പൊതു സമൂഹത്തില്‍ ബെന്യാമിനെ ഒന്ന് ആക്കിക്കളയാം, അത് വായിച്ചു സുഖിക്കുന്ന സ്വന്തം അണികളുടെ ആസനത്തില്‍ ഒരു ചെറിയ തരിപ്പാകുമല്ലോ എന്ന അധമ വിചാരമാണ് താങ്കളെ അത്തരമൊരു പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചത്. അതിനു മറുപടിയായി ഞാന്‍ എന്തെങ്കിലും കാര്യമായി പറഞ്ഞു പോയാല്‍ ആ വാക്കുകളുടെ ഭാരം താങ്ങാനുള്ള മനശക്തി ശബരി, തക്കുടുക്കുട്ടാ, താങ്കള്‍ക്കുണ്ടാവില്ല. ചുമ്മാതിരിക്കുന്ന എങ്ങാണ്ട് ചുണ്ണാമ്പ് തേക്കരുത് എന്നൊരു നാടന്‍ ചൊല്ല് താങ്കള്‍ കേട്ടിട്ടുണ്ടല്ലോ അല്ലേ.? അതുകൊണ്ട് കുഞ്ഞേ പോ. വല്ല തരത്തിലും തണ്ടിയിലും പോയി കളിക്ക്. (താങ്കളുടെ കുടുംബത്തെ ഞാന്‍ അത്രയും സ്‌നേഹിക്കുന്നുണ്ട് എന്നുമാത്രം തല്‍ക്കാലം മനസിലാക്കുക)

ഇനി പരസഹയത്തിന്റെ കാര്യം, അതിനെനിക്ക് ആരുടെയും അഭ്യര്‍ത്ഥന ഒന്നും ആവശ്യമില്ല. മനസറിഞ്ഞു കൊടുക്കാന്‍ ഞങ്ങള്‍ക്കറിയാം. ഈ ദുരിതകാലത്തിലും ഞാനും ഭാര്യയും (അങ്ങനെ പറയാന്‍ പ്രത്യേക കാരണമുണ്ട് എന്ന് ഇതിന്റെ വായനക്കാര്‍ മനസിലാക്കുക. ഭാര്യയ്ക്ക് പത്തൊന്‍പത് മണിക്കൂര്‍ നീണ്ട രണ്ട് ഓപ്പറേഷനും പതിനേഴ് ദിവസത്തെ ആശുപത്രി വാസവും കഴിഞ്ഞു വന്ന് വിശ്രമത്തിലുള്ള കാലമാണത്. ശരിക്കും സാമ്പത്തികമായി വലിയ ഞെരുക്കം അനുഭവിച്ച കാലം. എന്നിട്ടും) വേണ്ടവരെ വേണ്ടവിധത്തില്‍ ഇരുചെവി അറിയാതെ സഹായിച്ചിട്ടുണ്ട് എന്ന് ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി പറയാന്‍ കഴിയും. പക്ഷേ അതൊന്നും ഫോട്ടോ വച്ച് ഫേസ് ബുക്കില്‍ ഇട്ട് ലൈക്ക് വാങ്ങാറില്ല സാറേ. പ്രായം കുറേ ആയില്ലേ. ആളെക്കൂട്ടിയും സെല്‍ഫി എടുത്തും നാലു പേരോട് വിളിച്ചു പറഞ്ഞും പരസഹായം ചെയ്യാനുള്ള കൊതി ഒക്കെ പോയി. അതുകൊണ്ടാ.

പിന്നെ എനിക്കാണെങ്കില്‍ നിങ്ങളെപ്പോലെ ‘അടുത്ത ഇലക്ഷനില്‍ മത്സരിക്കാനുള്ളതാണല്ലോ’, ‘ഒരു വര്‍ഷം കഴിഞ്ഞ് ഇലക്ഷന്‍ വരുന്നല്ലോ’, ‘ജനങ്ങളുടെ കണ്ണില്‍ എന്തെങ്കിലും പൊടി ഇടണമല്ലോ’ എന്നിങ്ങനെയുള്ള ആധിയും വെപ്രളവും ഒന്നും ഇല്ലടാ ചക്കരെ.

പിന്നെ ഒരുകാര്യം കൂടി, ഞങ്ങള്‍ സാധാരണക്കാര്‍ ഒരു രൂപ ആര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടെങ്കില്‍ ഞങ്ങളുടെ സ്വന്തം പോക്കറ്റില്‍ നിന്നാണ് അത് കൊടുക്കുന്നത്. അന്യന്റെ പോക്കറ്റില്‍ കിടക്കുന്ന പണത്തിന്റെ ബലത്തില്‍ മോന്തക്ക് പുട്ടി തേച്ച സ്വന്തം ഫോട്ടോ എടുത്ത് പോസ്റ്ററടിച്ച് ഫേസ് ബുക്കില്‍ ഇടുന്ന അല്പത്തരത്തിന്റെ പേരല്ല പരസഹായം എന്നത്. ഈ വീമ്പു മുഴക്കലില്‍ സ്വന്തം അക്കൌണ്ടില്‍ നിന്ന് എത്ര രൂപ സംഭാവന ചെയ്തു എന്ന് വെളിപ്പെടുത്താന്‍ ആടുജീവിതസ്‌നേഹികളായ എം.എല്‍.എ മാരെ ഞാന്‍ വെല്ലുവിളിക്കുന്നു.

എല്ലാത്തിനും ഒടുവില്‍ പറയട്ടെ, അക്കൌണ്ട് നമ്പര്‍ അയക്കൂ, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ എന്ന നിലയില്‍ എന്നാല്‍ കഴിയുന്ന ഒരു തുക നിശ്ചയമായും അയച്ചു തരാം. നിങ്ങളുടെ സംഘടനാ നേതാക്കളെപ്പോലെയല്ല, നിങ്ങള്‍ ചെറുപ്പക്കാരെ എനിക്ക് വിശ്വാസമാണ്. കളിയാക്കിയതല്ല, സത്യമായും എനിക്ക് നല്ല വിശ്വാസമാണ്. നിങ്ങള്‍ പറഞ്ഞത് ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. വെള്ളപ്പൊക്ക കാലത്ത് ആയിരം വീടുകള്‍ വച്ചു കൊടുത്ത് മാതൃക കാട്ടിയ കെ പി സി. സി യുടെ പിന്മുറക്കാരല്ലേ നിങ്ങള്‍.????

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker