ചെന്നൈ:വിവാഹത്തിനു പിന്നാലെ നയന്‍താരയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. തായ്‌ലന്‍ഡില്‍ നിന്നുള്ള ഹണിമൂണ്‍ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സ്‌റ്റൈലിഷ് ലുക്കിലുള്ള നയന്‍താരയുടെ ചിത്രങ്ങള്‍ വിഘ്‌നേഷ് ശിവനാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. നയന്‍താര ധരിച്ച ബാഗാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
പ്രാഡ വിറ്റെലോ ഡൈനോയുടെ ലെതര്‍ ക്യാമറ ബാഗ് ആണ് നയന്‍താര അണിഞ്ഞത്. ഈ ബാഗിന്റെ വില കേട്ട് അമ്പരക്കുകയാണ് ആരാധകര്‍. 91,555 രൂപയാണ് ഈ ബാഗിന്റെ വില. ഇറ്റാലിയന്‍ ബ്രാന്‍ഡാണ് പ്രാഡ. ക്ലാസിക്കും മോഡേണും സമന്വയിപ്പിക്കുന്ന ഡിസൈനാണ് പ്രാഡ ബാഗിന്റെ സവിശേഷത. തായ്‌ലാന്‍ഡില്‍ നിന്നും നയന്‍താരയും വിഘ്‌നേഷും കഴിഞ്ഞ ദിവസമാണ് ചെന്നൈയിലേക്ക് മടങ്ങിയത്.
നയന്‍താരയുടെയും കാമുകന്‍ വിഗ്‌നേഷ് ശിവന്റെയും വിവാഹം അടുത്തിടെയായിരുന്നു. രാജ പ്രൗഢിയില്‍ നിരവധി താരങ്ങള്‍ അണി നിരന്നായിരുന്നു വിവാഹം. മഹാബലിപുരത്ത് വെച്ച ചടങ്ങില്‍ ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
വിവാഹത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് വസ്ത്രവും ആഭരണങ്ങളുമായിരുന്നു. എമറാള്‍ഡും ഡയമണ്ടും ജ്വലിച്ചുനില്‍ക്കുന്ന യൂണീക് ആഭരണങ്ങളാണ് നയന്‍താര അണിഞ്ഞത്. നെറ്റിച്ചുട്ടിയും കമ്മലും മരതകവും വജ്രവും കൊണ്ട് നിര്‍മ്മിച്ചവയാണ്.
ബോളിവുഡിലേയും കോളിവുഡിലേയും നടീ-നടന്മാര്‍ ഒഴുകിയെത്തിയിരുന്നു. സൂപ്പര്‍താരങ്ങളെ കൊണ്ടു നിറഞ്ഞു. പക്ഷേ മലയാളത്തിലെ സൂപ്പര്‍താരങ്ങളൊന്നും വിവാഹത്തിന് എത്തിയില്ല. മലയാളിയാണ് നയന്‍താര. അതുകൊണ്ടാണ് മലയാളി താരങ്ങളുടെ അസാന്നിധ്യം ചര്‍ച്ചയായതും. നയന്‍താര-വിഘ്‌നേശ് ശിവന്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദിലീപ് മാത്രമാണ് കൊച്ചിയില്‍ നിന്ന് എത്തിയത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടന്നത്.
ഇരുവരും തായ്ലന്‍ഡിലാണ് ഹണിമൂണ്‍ ആഘോഷിച്ചത്. സാധാരണയായി സൂപ്പര്‍സ്റ്റാറുകള്‍ പോകാറുള്ളതു പോലെ ഒരു രാത്രിക്ക് ലക്ഷങ്ങള്‍ ചെലവു വരുന്ന റിസോര്‍ട്ടുകളല്ല ഇരുവരും ഹണിമൂണിനായി തിരഞ്ഞെടുത്തത്. തായ്ലന്‍ഡിലെ അതിമനോഹരമായ സിയാം ഹോട്ടലിലാണ് ഹണിമൂണ്‍. താരതമ്യേന ചെലവു കുറവാണെങ്കിലും വളരെ മികച്ച സൗകര്യങ്ങളാണ് ഈ ഹോട്ടല്‍ നല്‍കുന്നത്.
ക്ലാസിക് തായ് ശൈലിക്കൊപ്പം ആധുനിക സൗകര്യങ്ങളുടെ ധാരാളിത്തവും വഴിഞ്ഞൊഴുകുന്ന അതിമനോഹരമായ ഒരു ആഡംബര ഹോട്ടലാണ് സിയാം. ചരിത്രപ്രാധാന്യമുള്ള ദുസിത് ജില്ലയിലെ ക്രുങ് തോണ്‍ പാലത്തിനടുത്ത് ചാവോ പ്രയ നദിയുടെ ബാങ്കോക്ക് ഭാഗത്താണ് സിയാം സ്ഥിതി ചെയ്യുന്നത്. ബാങ്കോക്കിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക ദൃശ്യങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും മ്യൂസിയങ്ങളുമെല്ലാം ഇതിന്റെ പരിസര പ്രദേശങ്ങളിലാണ് ഉള്ളത്.
കറുപ്പ്, വെളുപ്പ്, ക്രീം, ഗ്രേ, ന്യൂട്രല്‍ എന്നിങ്ങനെ ഫോര്‍മല്‍ മൂഡ് നല്‍കുന്ന നിറങ്ങളും പ്രകൃതിദത്തമായ അലങ്കാരങ്ങളും സംയോജിപ്പിച്ചാണ് ഹോട്ടല്‍ നിര്‍മിച്ചിരിക്കുന്നത്. രാമ അഞ്ചാമന്‍ രാജാവ് ഭരിച്ച, ബാങ്കോക്കിന്റെ ഏറ്റവും മഹത്തായ കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്ന ആര്‍ട്ട് ഡെക്കോയും പതിനാറാം നൂറ്റാണ്ടിലെ തടികൊണ്ടുള്ള ബുദ്ധ പ്രതിമകള്‍ ഉള്‍പ്പെടെയുള്ള പുരാതന ശേഖരവും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. സര്‍വസൗകര്യങ്ങളോടും കൂടിയ താമസത്തിനു പുറമേ സണ്‍സെറ്റ് ക്രൂസ്, മുവേ തായ് പരിശീലനം, സാക് യാന്റ് ടാറ്റൂ, പിയര്‍ & ഷട്ടില്‍ ക്രൂസ് ബോട്ട് മുതലായ നിരവധി കൗതുകകരമായ അനുഭവങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ക്രിയേറ്റീവ് ഡയറക്ടറും സെലിബ്രിറ്റിയുമായ ക്രിസ്സാഡ സുകോസോള്‍ ക്ലാപ്പും ആഗോള പ്രശസ്തനായ ആര്‍ക്കിടെക്റ്റും ഇന്റീരിയര്‍/ലാന്‍ഡ്സ്‌കേപ്പ് ഡിസൈനറുമായ ബില്‍ ബെന്‍സ്ലിയും ചേര്‍ന്നാണ് സിയാമിന്റെ രൂപകല്‍പന നിര്‍വ്വഹിച്ചത്. തനിക്ക് കുടുംബസ്വത്തായി കിട്ടിയ നദിക്കരയിലെ ഭൂമിയില്‍ വ്യത്യസ്തമായ ഒരു ഹോട്ടല്‍ പണിയാന്‍ ആഗ്രഹിച്ച ക്രിസ്സാഡ, ബില്ലിനടുത്തെത്തുകയും ഇരുവരുടെയും ആശയങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് അതൊരു മനോഹരമായ കലാസൃഷ്ടിയായി മാറുകയും ചെയ്തു.
മണ്‍പാത്ര നിര്‍മാണത്തിന് പ്രസിദ്ധമായ കോക്രറ്റ് ദ്വീപും ബാങ്കോക്ക് ബൈ ക്രൂസ് സ്വകാര്യ ബാര്‍ജ് ടൂര്‍, പഴ്‌സനല്‍ ഗൈഡിങ് ടൂര്‍ ആയ ‘മ്യൂസിയംസ് ആന്‍ഡ് മാന്‍ഷന്‍സ് എന്നിവയും ഇവിടുത്തെ അതിഥികള്‍ക്ക് ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന രണ്ട് അനുഭവങ്ങളാണ്. കൂടാതെ, പുരാതന തലസ്ഥാനമായ അയുത്തായയിലേക്കുള്ള ഒരു രാത്രി യാത്രയും കിങ്‌സ് നദിയിലൂടെ കാഴ്ചകള്‍ കണ്ടു നടത്തുന്ന കോംപ്ലിമെന്ററി ക്രൂസുമെല്ലാം ഏറെ ജനപ്രിയമാണ്.
സുവര്‍ണഭൂമി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 45 മിനിറ്റ് സഞ്ചരിച്ചാല്‍ സിയാമിലേത്താം. നഗരത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ ഡൗണ്‍ടൗണ്‍ സിയാം സ്‌ക്വയര്‍ ഇവിടെനിന്ന് 20 മിനിറ്റ് അകലെയാണ്. പ്രശസ്തമായ റോയല്‍ ബാര്‍ജ് മ്യൂസിയത്തിന്റെ പ്രൗഢിയും ഈ യാത്രയില്‍ ആസ്വദിക്കാം. ഹോട്ടലിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം, ഏകദേശം 20000 രൂപയ്ക്കു മുകളിലേക്കാണ് ഒരു ദിവസത്തെ താമസത്തിന് ചെലവു വരുന്നത്.