കൊച്ചി:നീണ്ട ഇടവേളക്ക് ശേഷം ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ നായർ(Navya Nair) തിരിച്ചു വരുന്ന ഒരുത്തീയുടെ (Oruthee) ടീസർ പുറത്തുവിട്ട് നടി ഭാവന. വനിതാ ദിനത്തോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിലും ലഭിക്കുന്നത്. കെ.വി.അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രം എസ്. സുരേഷ് ബാബു തിരക്കഥയും വി കെ പ്രകാശ് സംവിധാനവും നിർവഹിക്കുന്നതാണ്.
ഒരു കുടുംബത്തന്റെ പശ്ചാത്തലത്തിൽ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ബാലാമണിയെ തിരികെ കൊണ്ടുവരുന്ന ചിത്രത്തിന്റെ പാട്ടിനും ട്രെയിലറിനുമെല്ലാം മികച്ച സ്വീകാര്യത ലഭിക്കുകയും സമൂഹ മാധ്യമങ്ങളിൽ ഏറെ കാഴ്ചക്കാരെ സ്വന്തമാക്കുകയും ചെയ്തു.
ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്. ആലങ്കോട് ലീലാകൃഷ്ണൻ, ഹരി നാരായണൻ, അബ്രു മനോജ് ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. നവ്യ നായർക്കൊപ്പം വിനായകൻ, സൈജു കുറുപ്പ് സന്തോഷ് കീഴാറ്റൂർ, അരുൺ നാരായൺ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്.
രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്‌ത്രാലങ്കാരം സമീറ സനീഷാണ്. ഡിക്സൺ പോടുതാസ് പ്രൊഡക്ഷൻ കൺട്രോളറും കെ ജെ വിനയൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായ ഒരുത്തീ മാർച്ച് 18ന് റിലീസ് ചെയ്യും.
2012ല്‍ പുറത്തെത്തിയ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രമാണ് ഇതിനു മുന്‍പ് മലയാളത്തില്‍ നവ്യ നായരുടേതായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ദൃശ്യത്തിന്‍റെ കന്നഡ റീമേക്ക് ആയ ദൃശ്യയിലും ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിന്റെ റീമേക്ക് ആയ ദൃശ്യ 2ലും നവ്യ അഭിനയിച്ചിരുന്നു. ഒരുത്തി തിയറ്ററുകളില് എത്തുന്നതിന് മുമ്പു തന്നെ ചിത്രത്തിലെ പ്രകടനം നവ്യയ്ക്ക് പുരസ്കാരങ്ങള് നേടിക്കൊടുത്തിരുന്നു. മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവയാണ് നവ്യയ്ക്ക് ലഭിച്ചത്. നവ്യയ്ക്കും വിനായകനുമൊപ്പം സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.