കൊച്ചി:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി. ചോദ്യം ചെയ്ത ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തും നടി നവ്യ നായരും തമ്മിലുള്ള അടുപ്പം ചൂണ്ടിക്കാട്ടുന്ന ഇഡി കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. നവ്യാ നായരെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയല്ല ക്ഷേത്ര ദര്‍ശനം നടത്തുന്നതിനായാണ് താന്‍ കൊച്ചിയിലെത്തിയതെന്നാണ് സച്ചിന്‍ സാവന്ത് ഇഡിക്ക് നല്‍കിയ മൊഴി. എന്നാല്‍ ഇരുവരും ഡേറ്റിങ്ങിലാണെന്നും നവ്യയെ കാണാനായി പത്തോളം തവണ സച്ചിന്‍ സാവന്ത് കൊച്ചിയിലെത്തിയിട്ടുണ്ടെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തിന്റെ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മലയാള സിനിമ നടി നവ്യ നായര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളും ഇഡി നല്‍കിയ കുറ്റപത്രത്തില്‍ ഉണ്ട്. നവ്യ നായരെ കാണാന്‍ സച്ചിന്‍ 15 – 20 തവണ കൊച്ചിയിലെത്തി. ഇത് ക്ഷേത്ര ദര്‍ശനത്തിനായിരുന്നില്ല.
നവ്യാ നായര്‍ സച്ചിന്‍ സാവന്തിന്റെ കാമുകിയാണെന്നും സച്ചിന്‍ സാവന്തിന്റെ ഡ്രൈവര്‍ സമീര്‍ ഗബാജി നലവാഡെ ഇഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. സാവന്ത് താമസിച്ചിരുന്ന അതേ കെട്ടിടത്തിലാണ് നവ്യയും താമസിച്ചിരുന്നത്. കൊച്ചിയിലേക്ക് താമസം മാറിയതിന് ശേഷം 15-20 തവണ സാവന്ത് നവ്യയെ സന്ദര്‍ശിക്കുകയും ഏകദേശം 1,75,000 രൂപ വിലമതിക്കുന്ന ഒരു സ്വര്‍ണ്ണ കൊലുസ് സമ്മാനമായി നല്‍കുകയും ചെയ്തതായി ഇഡി പറയുന്നു.
നവ്യ നായരുമായി സച്ചിന്‍ സാവന്തിന് അടുത്ത ബന്ധമുണ്ടെന്ന് സാവന്തിന്റെ സുഹൃത്ത് സാഗര്‍ ഹനുബന്ത് താക്കൂറിന്റെ മൊഴിയും ഇഡി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സിഎന്‍എന്‍ നെറ്റ്‌വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. . ഇരുവരും തമ്മില്‍ ചില സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്നതായി കേട്ടിട്ടുണ്ടെന്ന് സാഗര്‍ പറഞ്ഞു. നവി മുംബൈയിലെ ജിമ്മില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ടെന്നുമാണ് സുഹൃത്ത് സാഗര്‍ മൊഴി നല്‍കിയത്.
പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നവ്യ കൊച്ചിയിലേക്ക് താമസം മാറ്റിയതോടെ സാവന്ദിന് പലതവണ ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കൊടുത്തിരുന്നെന്ന് സമീര്‍ ഗബാജി മൊഴി നല്‍കിയിട്ടുണ്ട്. കളളപ്പണക്കേസില്‍ ജൂണിലാണ് സച്ചിന്‍ സാവന്ദ് അറസ്റ്റിലായത്. സാവന്ത് നടിക്ക് നല്‍കിയ സമ്മാനങ്ങളുടെയും ആഭരണങ്ങളുടെയും വിശദാംശങ്ങളും ഇ.ഡി. പരിശോധിച്ചുവരികയാണ്.
ഈ കേസിലെ പണത്തിന്റെ വഴി കണ്ടെത്താനും സമ്മാനങ്ങള്‍ കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെ ഭാഗമാണോയെന്ന് അറിയാനുമാണ് ഇ.ഡിയുടെ ശ്രമം.ഇ.ഡി. ചോദ്യം ചെയ്തപ്പോള്‍, കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിനിടെ സച്ചിന്‍ സാവന്തിന്റെ മൊബൈല്‍ ഡേറ്റ, ചാറ്റുകള്‍ എന്നിവ ശേഖരിച്ചപ്പോഴാണു നവ്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. സൗഹൃദത്തിന്റെ ഭാഗമായി സച്ചിന്‍ തനിക്കു ചില വിലപിടിപ്പുള്ള ആഭരണങ്ങള്‍ സമ്മാനിച്ചതായി നവ്യയുംവ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രമാണ് സച്ചിനെ പരിചയമെന്നും സുഹൃത്തെന്ന രീതിയിലാണ് സമ്മാനങ്ങള്‍ കൈപ്പറ്റിയതെന്നും നവ്യാ നായര്‍ പറഞ്ഞതായി കുറ്റപത്രത്തിലുണ്ട്. അടുത്ത വസതികളില്‍ താമസിച്ചപ്പോള്‍ ഉണ്ടായ പരിചയമാണ് ഉദ്യോഗസ്ഥനുമായി ഉള്ളതെന്ന് നവ്യാ നായര്‍ പ്രതികരിച്ചു. അദ്ദേഹത്തിന് ഗുരുവായൂര്‍ ദര്‍ശനത്തിന് സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്. മറ്റു ബന്ധങ്ങളോ, സൗഹൃദമോ ഇല്ല. കുഞ്ഞിന്റെ ജന്മദിനത്തിന് സച്ചിന്‍ സമ്മാനം നല്‍കിയിട്ടുണ്ട്. താന്‍ ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ഇ.ഡി.യെ അറിയിച്ചിട്ടുമുണ്ട് സംഭവം വിവാദമായതിനെ തുടര്‍ന്ന് നവ്യാ നായര്‍ അറിയിച്ചു.
2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ടു കസ്റ്റംസ് അഡീഷണല്‍ കമ്മിഷണറായ സച്ചിന്‍ സാവന്തിനെ ജൂണ്‍ 27-നു ലഖ്‌നൗവില്‍ വച്ചാണ് ഇ.ഡി. അറസ്റ്റ് ചെയ്യുന്നത്. സാവന്ത് മുമ്പ് ഇ.ഡി. മുംബൈ സോണ്‍ 2-ല്‍ ഡെപ്യൂട്ടി ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു.
ഇക്കാലയളവില്‍ സച്ചിന്‍ തന്റെ അറിയപ്പെടുന്നതും നിയമപരവുമായ വരുമാന സ്രോതസുകള്‍ക്ക് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചുവെന്നാണു കേസ്. തുടര്‍ന്നു ബിനാമി സ്വത്തുക്കള്‍, സ്ഥാപനങ്ങള്‍, അദ്ദേഹത്തിന്റെ സാമ്പത്തികവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഇ.ഡി. അന്വേഷണം.