ക്യാമറയ്ക്കു മുന്നിൽ പറയാൻ പറ്റാത്ത തെറ്റുകൾവരെ ജോലിയ്ക്കിടെ സംഭവിച്ചിട്ടുണ്ട്:മീര നന്ദൻ
കൊച്ചി:മുല്ല എന്ന ചിത്രത്തിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ അഭിനേത്രിയാണ് മീര നന്ദൻ. റേഡിയോ ജോക്കിയായും, അവതാരകയും, പാട്ടുകാരിയുമൊക്കെയായ മീര നന്ദൻ, താൻ ജീവിതത്തിൽ പ്ലാനുകളില്ലാത്ത ഒരു വ്യക്തിയാണെന്നു പറയുന്നു. ‘പത്ത് വർഷം കഴിഞ്ഞ് ഞാനേതു നിലയിലായിരിക്കുമെന്നു ചോദിച്ചാൽ എനിക്ക് ഉത്തരമില്ല. ലൈഫിനെപ്പറ്റിയും ജീവിതത്തെപ്പറ്റിയും കൃത്യമായ പ്ലാനിങ്ങുകളുള്ള ആളുകളെ എനിക്കറിയാം. പക്ഷേ ഞാൻ അങ്ങനെയൊരാളല്ല.’
ദുബായിൽ വർഷങ്ങളായി ഒറ്റയ്ക്കാണ് മീരാ നന്ദന്‍ താമസിക്കുന്നത്. ഒറ്റ്യ്ക്കു ജീവിക്കുന്നത് നല്ലതാണെന്ന് മീര പറയുന്നു. ‘ചില ആൾക്കാർക്ക് എപ്പോഴും ആരെങ്കിലും ഒപ്പം വേണം. അവർക്ക് ഒറ്റയ്ക്കു ജീവിച്ചാൽ സന്തോഷം കിട്ടണമെന്നില്ല. പക്ഷേ ഒറ്റയ്ക്ക് ജീവിക്കുന്നത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പല കാര്യങ്ങളും പഠിക്കാൻ പറ്റി, സന്തോഷം കണ്ടെത്താൻ കഴിയുന്നുണ്ട്.
കുറച്ചു ദിവസത്തേക്കു നമ്മുടെ ഒപ്പം താമസിക്കാൻ വരുന്നവർ തിരികെ പോകുമ്പോൾ ഒരു സങ്കടം തോന്നും. പക്ഷേ രണ്ട് ദിവസത്തിനുള്ളിൽ ഞാൻ പഴയതുപോലെ ഹാപ്പി ആകും. എന്നിരുന്നാലും ആദ്യമായി നാട്ടിൽ നിന്നും മാറിയപ്പോൾ ഒരുപാട് ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നിട്ടുണ്ട്. സാമ്പത്തികമായാണ് ബുദ്ധിമുട്ടിയത്. അന്നുവരെയും ഫിനാൻഷ്യൽ കാര്യങ്ങൾ എല്ലാം അച്ഛനും അമ്മയുമാണ് നോക്കിയിരുന്നത്.
പെട്ടെന്ന് എല്ലാം ഒറ്റയ്ക്കു ചെയ്യേണ്ടി വന്നപ്പോൾ അന്തംവിട്ടു. അന്ന് പാചകത്തെപ്പറ്റിയൊന്നും എനിക്ക് ഒരു ധാരണയുമില്ലായിരുന്നു. ഉലുവയും പരിപ്പും തമ്മിലുള്ള വ്യത്യാസമോ പൊടികൾ ഏതൊക്കെയാണന്നോ അറിയില്ലായിരുന്നു. പിന്നെ എല്ലാം മാറി.’ – മീര പറയുന്നു.
‘നാട്ടിൽ നിന്നും പോകുന്നുവെന്നും ഒറ്റയ്ക്കാണ് ജീവിക്കാൻ പോകുന്നതെന്നും പറഞ്ഞപ്പോൾ എപ്പോഴും അച്ഛനെയും അമ്മയെയും പറ്റി ഓർക്കണമെന്നാണ് ദിലീപേട്ടൻ പറഞ്ഞത്’, മീരാ നന്ദൻ പറയുന്നു. ‘പലരും കരുതുന്നതുപോലെ സംസാരം മാത്രമല്ല ആർജെ ജോലി. ഒരുപാട് കാര്യങ്ങളുണ്ട്. ഒട്ടും എളുപ്പമല്ല അത്. എനിക്ക് ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. ക്യാമറയ്ക്കു മുന്നിൽ പറയാൻ പറ്റാത്ത തെറ്റുകൾ ഉണ്ടായിട്ടുണ്ട്. മോശം അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. ഒരാൾ വിളിക്കുമ്പോൾ അയാളെന്താ പറയാൻ പോകുന്നതെന്ന് നമുക്കറിയില്ലല്ലോ.
മാത്രമല്ല ഹെഡ്സെറ്റ് ഒക്കെ വച്ച് ലൈവിൽ ഇരിക്കുമ്പോൾ ചില കാര്യങ്ങൾ വ്യക്തമായി കേൾക്കണമെന്നുമില്ല. പക്ഷേ ആളുകൾ മെസേജ് അയച്ച് പറഞ്ഞപ്പോഴാണ് ഒരു വ്യക്തി മോശമായി സംസാരിച്ചെന്ന് മനസ്സിലായത്. എന്നാലും എന്നെ എന്റെ ജോലി ഹാപ്പി ആക്കുന്നുണ്ട്. എത്ര വലിയ സങ്കടത്തിലാണെങ്കിലും സ്റ്റുഡിയോയിൽ കയറുമ്പോൾ എനിക്ക് സന്തോഷം തന്നെയാണ്’ എഡിറ്റോറിയൽ എന്ന ചാനലിനു നൽകിയ അഭിമുഖത്തിലാണ് മീര നന്ദൻ തന്റെ വിശേഷങ്ങൾ പങ്കുവച്ചത്.