കൊച്ചി:മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടനായികയാണ് നവ്യ. മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നവ്യ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക് ആയ ‘ദൃശ്യ’യിൽ അഭിനയിക്കുന്ന വിവരം നവ്യ ആരാധകരുമായി പങ്കുവച്ചിരിരുന്നു.
ഇപ്പോഴിതാ ലൊക്കേഷനിൽ വീഡിയോ പങ്കുവച്ചുകൊണ്ടാണ് നവ്യ തന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവ് അറിയിച്ചിരിക്കുന്നത്. സിനിമയിലെ സീനുകൾക്കായി കന്നഡ പഠിയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. തേൻമാവിൻ കൊമ്പത്തിലെ പ്രശസ്തമായ ഡയലോഗും അടിക്കുറിപ്പായി ചേർത്തിരിയ്ക്കുന്നു.
അല്ലു ലേലു അല്ലു എന്നെ അഴിച്ചുവിട് .. ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ എന്നാണ് നവ്യ കുറിച്ചിരിയ്ക്കുന്നത്.
2014ൽ ദൃശ്യം കന്നഡയിലേക്ക് റീമേക്ക് ചെയ്തപ്പോൾ മലയാളത്തിൽ മീന ചെയ്ത ‘റാണി’ എന്ന കഥാപാത്രം ‘സീത’ എന്ന പേരിൽ നവ്യയാണ് അഭിനയിച്ചത്. അതേ കഥാപാത്രത്തെ തന്നെയാണ് ദൃശ്യ 2 വിലും നവ്യ അവതരിപ്പിക്കുന്നത്.
മലയാളത്തിൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം കന്നഡയിൽ സംവിധാനം ചെയുന്നത് പി. വാസുവാണ്. മോഹൻലാലിന്റെ ജോർജ്കുട്ടി എന്ന കഥാപാത്രത്തെ കന്നഡ നടനായ രവിചന്ദ്രനാണ് അവതരിപ്പിക്കുന്നത്. ‘രാജേന്ദ്ര പൊന്നപ്പ;’ എന്നാണ് കഥാപാത്രത്തിന്റെ പേര്. സിനിമയിൽ ആശ ശരത്ത് മലയാളത്തിലെ അതേ റോളിൽ എത്തുന്നുണ്ട്.
മലയാളത്തിലെ പോലെ കന്നഡയിലും ചിത്രത്തിന്റെ ആദ്യ ഭാഗം ഹിറ്റായിരുന്നു. ഒരുപാട് പ്രശംസ നേടിയ ചിത്രം തിയറ്ററിൽ 100 ദിവസം പൂർത്തിയാക്കിയിരുന്നു.വിവാഹത്തിനു ശേഷം നവ്യ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. 2010ൽ വിവാഹിത ആയ ശേഷം 2012ൽ ‘സീൻ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലും ‘ദൃശ്യ’ യുടെ ആദ്യ ഭാഗത്തിലും മാത്രമാണ് നവ്യ അഭിനയിച്ചത്. സിനിമയിൽ നിന്നും അവധിയെടുത്തെങ്കിലും ടെലിവിഷൻ ഷോകളിൽ നവ്യ സജീവ സാന്നിധ്യമായിരുന്നു.
ദൃശ്യ’ ക്ക് പുറമെ വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ. ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.
അമ്മാവനായ കെ.മധു സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.