NationalNews

നവ്‌ജ്യോത് സിംഗ് സിദ്ധു നാളെ ജയില്‍ മോചിതനാകും; കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കോളിളക്കങ്ങള്‍ ഉണ്ടാവുമോ?

അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ നവ്‌ജ്യോത് സിംഗ് സിദ്ധു ശനിയാഴ്ച ജയില്‍ മോചിതനാകും. സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചതിനെ തുടര്‍ന്ന് പട്യാലയിലെ ജയിലില്‍ കഴിയുകയാണ് സിദ്ധു.

1988ല്‍ റോഡ് അപകടത്തില്‍ ഗുര്‍ണാം സിംഗ് എന്നയാള്‍ മരിച്ച കേസിലാണ് സിദ്ധുവിന് സുപ്രീം കോടതി ശിക്ഷ വിധിച്ചത്. കാര്‍ പാര്‍ക്കിംഗിന്റെ പേരിലുള്ള തര്‍ക്കത്തിനിടെ ഗുര്‍ണാം സിംഗിനെ സിദ്ധു മര്‍ദിച്ചിരുന്നു. പരുക്കേറ്റ ഗുര്‍ണാം സിംഗ് ആശുപത്രിയില്‍ വെച്ച് മരിച്ചു.

നേരത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച കേസാണിത്. 2018ല്‍ 1000 രൂപ മാത്രം വിധിച്ച ശിക്ഷ ഇളവുചെയ്ത സുപ്രീംകോടതി സിദ്ധുവിനെ വിട്ടയിച്ചിരുന്നു. ഇതിനെതിരെ ഗുര്‍ണാം സിംഗിന്റെ കുടുംബം നല്‍കിയ പുന:പരിശോധനാ ഹര്‍ജിയിലാണ് ഒരു വര്‍ഷം തടവു കൂടി വിധിച്ചത്. സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന സിദ്ധു നിയമസഭ തെരഞ്ഞെടുപ്പില്‍ അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു.

സംസ്ഥാനത്ത് കോണ്‍ഗ്രസിന് അധികാരവും നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ വാക്‌പോര് നടന്നുവരവെയാണ് സിദ്ധു ജയിലിനകത്തായത്. തെരഞ്ഞെടുപ്പിന് ശേഷം അമരീന്ദര്‍ സിംഗ് രാജ വാറിംഗിനെ പുതിയ സംസ്ഥാന അദ്ധ്യക്ഷനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്തിരുന്നു.

ജയിലില്‍ നിന്ന് സിദ്ധു പുറത്ത് വരുന്നതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങള്‍ ഉണ്ടാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. പാര്‍ട്ടിയുടെ നിലനില്‍ക്കുന്ന നേതൃസംവിധാനത്തോട് ചേര്‍ന്നുപോവാനാണോ അതോ ഉടക്കി നില്‍ക്കാനാണോ സിദ്ധു ഒരുങ്ങുന്നതെന്ന് വരും ദിവസങ്ങളില്‍ അറിയാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button