കാസർകോഡ്:നവകേരള സദസിന് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാൻ കെഎസ്‌ആര്‍ടിസി ബെൻസ് ലക്ഷ്വറി കോച്ച് ബസിന് മാത്രമായി നിരത്തുകളില്‍ ഇളുവുകളും നല്‍കി സര്‍ക്കാര്‍ ഉത്തരവ്.
ബസ് രജിസ്റ്റര്‍ ചെയ്യുന്നത് കോണ്‍ട്രാക്‌ട് ക്യാരേജ് പെര്‍മിറ്റില്‍ ആണ്. എന്നാല്‍ മറ്റ് കോണ്‍ട്രാക്‌ട് ക്യാരേജ് ബസുകള്‍ക്കുള്ള നിയമങ്ങള്‍ നവകേരള ബസിന് ബാധകമല്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
കൂടാതെ ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറത്തിലെ കളര്‍ കോഡ് ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിനും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വിവിഐപികള്‍ക്കും ബസ് ആവശ്യപെടുമ്ബോള്‍ വിട്ടു നല്‍കണമെന്നും നിര്‍ദേശം. നവകേരള സദസിന് ശേഷം കെഎസ്‌ആര്‍ടിസിയുടെ ടൂറിസം പദ്ധതിക്കായി ബസ് ഉപയോഗിക്കും.
പുറത്തുനിന്ന് വൈദ്യുതിയില്‍ ബസില്‍ ഏസിയും ഇൻവേര്‍ട്ടറും പ്രവര്‍ത്തിപ്പിക്കാമെന്നും ഇളവുകള്‍. അതേസമയം മുഖ്യമന്ത്രിയ്ക്കുള്ള പ്രത്യേക കാബിൻ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ബാത്റൂം, മിനികിച്ചൻ എന്നിവ ബസില്‍ ഉണ്ടാകും. ഏറ്റവും മുന്നില്‍ 180 ഡിഗ്രി തിരിക്കാവുന്ന പ്രത്യേക ഓട്ടമാറ്റിക് സീറ്റാണ് മുഖ്യമന്ത്രിക്കുള്ളത്ബെം. ഗളൂരുവിലെ ബോഡി ബില്‍ഡിങ് യാര്‍ഡില്‍ നിന്ന് ബസ് പുറപ്പെട്ടു. രജിസ്ട്രേഷൻ നമ്ബര്‍ ഉള്‍പ്പെടെ മറച്ചുവച്ചാണ് കേരളത്തിലേക്കുള്ള യാത്ര.
ബസിനായി 1.05 കോടി രൂപയാണ് ധനവകുപ്പ് പബ്ലിക് റിലേഷൻസ് വകുപ്പിന് അനുവദിച്ചത്. 44 ലക്ഷം രൂപയാണ് ഷാസിയുടെവില. 11 ലക്ഷം രൂപ വരുന്ന ബയോ ടോയ്‌ലറ്റ്, ഫ്രിജ്, മൈക്രോവേവ് അവ്‌ൻ, ആഹാരം കഴിക്കാൻ പ്രത്യേക സ്ഥലം, വാഷ് ബെയ്സിൻ തുടങ്ങിയ സൗകര്യങ്ങളാണ് ബസിലുള്ളത്. മുഖ്യമന്ത്രിയും 20 മന്ത്രിമാരും കൂടാതെ ചീഫ് സെക്രട്ടറിയും ബസിലുണ്ടാകും.
ഈ മാസം 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. നവകേരള സദസിന് ഇന്ന് കാസര്‍ഗോഡ് തുടക്കമാകും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ പരിപാടികള്‍ ഇന്നത്തോടെ പൂര്‍ത്തിയാക്കി കാസര്‍ഗോഡേക്ക് തിരിക്കും.
ഇന്ന് വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവെളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. 140 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും.