ഇടുക്കി മെഡിക്കല്‍ കോളേജിന് അംഗീകാരം,100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ്റെ അനുമതി

തിരുവനന്തപുരം: ഇടുക്കി മെഡിക്കല്‍ കോളേജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കൽ കമ്മീഷൻ്റെ അനുമതി കിട്ടിയ സാഹചര്യത്തിൽ  ഈ വര്‍ഷം തന്നെ എംബിബിഎസ് ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

2014 സെപ്റ്റംബർ 18-നാണ് ഇടുക്കിയുടെ സ്വപ്നം സഫലമാക്കി കൊണ്ട് മെഡിക്കൽ കോളജ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തത്. നിലവിലുണ്ടായിരുന്ന ഇടുക്കി ജില്ല ആശുപത്രിയാണ് മെഡിക്കൽ കോളജാക്കി മാറ്റിയത്. അടുത്ത രണ്ടു വർഷം 50 വിദ്യാർത്ഥികൾ വീതം പഠനവും നടത്തി. 2017 ൽ മതിയായ സൌകര്യങ്ങളില്ലെന്ന് കണ്ടെത്തി അടച്ചു പൂട്ടി. പിന്നീടിങ്ങോട്ട് സൌകര്യങ്ങൾ ഒരുക്കുമെന്നുള്ള വാഗ്ദാനങ്ങളുടെയും ഉദ്ഘാടനങ്ങളുടെയും പെരുമഴയായിരുന്നു.

100 കുട്ടികളെ പഠിപ്പിക്കാൻ ഇത്തവണയും അപേക്ഷ നൽകി. പരിശോധനയിൽ ആവശ്യത്തിന് ജീവനക്കാരും മറ്റു കുറവുകളും ചൂണ്ടിക്കാട്ടി അപേക്ഷ തള്ളി. ഇതോടെ ജീവനക്കാരെ നിയമിച്ച് ആരോഗ്യവകുപ്പ് പുതിയ റിപ്പോർട്ട് നൽകുകയായിരുന്നു. ഡോക്ടർമാരുണ്ടെങ്കിലും പാരാ മെഡിക്കൽ സ്റ്റാഫ് പകുതി പോലുമില്ല എന്നതാണ് ഇടുക്കി മെഡിക്കൽ കോളേജിലെ പ്രശ്നം.

ഏറ്റവും കൂടുതൽ ശുചിത്വം വേണ്ട ആശുപത്രിയിൽ ശുചീകരണ തൊഴിലാളികളാരുമില്ല. 40 നഴ്സുമാരുടെയും 22 നഴ്സിംഗ് അസ്സിസ്റ്ററുമാരുടെും കുറവ്. എക്സ്റേ ഉൾപ്പെടെ എല്ലായിടത്തും ടെക്നീഷ്യൻമാർ പകുതിയിൽ താഴെ. ആയിരത്തോളം പേർ ഒപിയിൽ എത്തുന്നുണ്ട്. പുതിയതായി പണിത കെട്ടിടത്തിൽ 100 കിടക്കകളുള്ള വാർഡ് സജ്ജമാക്കി. പരിശോധനക്ക് ആധുനിക ഉപകരണങ്ങളും സ്ഥാപിച്ചു. മന്ത്രി ഉദ്ഘാടനവും നടത്തി. പക്ഷേ, ചികിത്സമാത്രമില്ല എന്നതാണ് നിലവിൽ ആശുപത്രിയിലെ പ്രതിസന്ധി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News